ലഖ്‍നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലെ ഉൾപ്പോരിന് ശമനമില്ല. സമാജ് വാജി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവ് മന്ത്രിസഭയിൽ നിന്നും രാജിവച്ചു. എന്നാൽ രാജി മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വീകരിച്ചില്ല. പാർട്ടിയിൽ എല്ലാം ശുഭമെന്ന് പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് പ്രഖ്യപിച്ചതിന് തൊട്ടു പിന്നാലെയാണ് ശിവപാൽ യാദവിന്റെ രാജി.
രണ്ട് ദിവസത്തിലധികമായി ഉത്തർപ്രദേശിലെ സമാജ് വാജി പാർട്ടിയിൽ ഉടലെടുത്ത ഉൾപ്പോര് രൂക്ഷമായിത്തന്നെ തുടരുകയാണ്. മുലായംസിംഗിന്റെ സഹോദരനാണ് മന്ത്രി സഭയില്‍ നിന്നും പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവച്ച ശിവ്പാൽ യാദവ്. മുഖ്യമന്ത്രി അഖിലേഷ് യാദവിനാണ് രാജി സമർപ്പിച്ചത്..രാജി പക്ഷേ അഖിലേഷ് യാദവ് സ്വീകരിച്ചിട്ടില്ല.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും അഖിലേഷിനെ മാറ്റി ശിവ്പാൽ യാദവിനെ നിയമിച്ചതോടെയാണ് ഭിന്നത മറ നീക്കി പുരത്തുവന്നത്. എട്ട് വർഷം പാർട്ടിക്ക് പുറത്തായിരുന്ന അമർസിംഗിന്റെ തിരിച്ചുവരവും പ്രശ്നം രൂക്ഷമാക്കി. അഖിലേഷിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയതിനെതിരെ സമാജ് വാദി പാര്‍ട്ടി എംപിമാരുള്‍പ്പെടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
അഖിലേഷിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയത് വലിയ തെറ്റാണെന്ന് രാംഗോപാല്‍ യാദവ് എംപി കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ശക്തനും മുസ്ലിം വിഭാഗത്തിലെ പ്രധാന നേതാവുമായ അസംഖാനും അഖിലേഷിനൊപ്പമാണ്. തർക്കം രൂക്ഷമായതോടെ മുലായം പാർട്ടിയുടെ ഉന്നതതലയോഗം വിളിച്ചിരുന്നു. അതിന് ശേഷം പാർട്ടിയിൽ എല്ലാം ശുഭമെന്ന് മുലായം സിംഗ് യാദവ് പ്രഖ്യപിക്കുകയും ചെയ്തതിന് ശേഷമാണ് ശിവ്പാൽ യാദവിന്റെ രാജി. തന്നെ മറികടന്ന് അഖിലേഷ് തീരുമാനങ്ങളെടുക്കുന്നതില്‍ മുലായംസിങ് യാദവിനുള്ള അതൃപ്തിയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് പാർട്ടിയിലെ ചില നേതാക്കൾ പറയുന്നത്.
