മറയൂരിൽ ജീപ്പിനുളളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നൂറുകിലോയോളം ചന്ദന കഷണങ്ങൾ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. മൂന്നാർ സ്വദേശി മുനിയ സ്വാമിയെയും ജീപ്പും പിടികൂടി.

ജീപ്പിന്റെ പ്ലാറ്റ്ഫോമിനടിയിലും ടോപ്പിലുമായി നിർമ്മിച്ച രഹസ്യ അറകളിലായിരുന്നു ചന്ദന കഷണങ്ങൾ അടുക്കി ഒളിപ്പിച്ചിരുന്നത്. ജീപ്പിലുണ്ടായിരുന്ന മൂന്നു പേരിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മൂന്നാർ സ്വദേശി മുനിയ സ്വാമിയെയാണ് വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. പെരടിപ്പളളത്തു നിന്നുളള ജീപ്പിൽ ചന്ദനം കടത്തുന്നതായ് റെയ്ഞ്ചോഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ നീക്കം.

പെരടിപളളം ഒന്നാം പാലത്തിനു സമീപം കണ്ട ജീപ്പ് പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്. പിടികൂടിയ 82 കിലോ ചന്ദനത്തിന് 14 ലക്ഷവും ജീപ്പിന് ഒന്നര ലക്ഷവും വിലവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. ജീപ്പോടിച്ചിരുന്ന പെരടിപ്പള്ളം സ്വദേശി ശേഖർ, ലക്ഷ്മി എസ്സ്റ്റേറ്റിൽ അരുൺ എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ഇവർക്കു വേണ്ടിയുളള അന്വേഷണം തുടരുന്നതായി വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.