കൊല്ലപ്പെട്ട കാശ്മീരി പെണ്‍കുട്ടിയ്ക്ക് നീതിവേണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍, പെണ്‍കുട്ടിയ്ക്ക് നീതിവേണമെന്ന ആവശ്യവുമായി ടെന്നീസ് താരം സാനിയ മിര്‍സ.

'' ലോകത്ത് നമ്മുടെ രാജ്യം ഇന്ന് ഇങ്ങനെ അറിയപ്പെടാനാണോ നാം ആഗ്രഹിക്കുന്നത് ? ജാതി മത ലിംഗ നിറബേധങ്ങള്‍ മറന്ന് ഈ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്ത് 
മറ്റൊന്നിനുവേണ്ടിയും ഒരുമിക്കാന്‍ നമുക്കാകില്ല, മനുഷ്യത്വപരമായി പോലും...'' സാനിയ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് ഇപ്പോള്‍. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട കത്വ പെണ്‍കുട്ടിയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ലീന മണിമേഖല പ്രതിഷേധിച്ചിരുന്നു. 

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.