ബ്രസീല്‍ ഫാന്‍സിനെ ട്രോളി സന്തോഷ് രംഗത്തെത്തിയിട്ടുണ്ട്
കൊച്ചി; ഫുട്ബോള് ലോകകപ്പിന്റെ ആവേശത്തിലാണ് കായിക ലോകം. മലയാളികളും ആദ്യം മുതലെ ഇഷ്ടടീമുകളുടെ ഫ്ലക്സുമായി ആവേശത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല് ഇഷ്ടടീമുകളായ ജര്മനിയും അര്ജന്റീനയും സ്പെയിനും പോര്ച്ചുഗലും ബ്രസീലും വരിവരിയായി നാട്ടിലേക്ക് വണ്ടി കയറിയതോടെ മലയാളികളുടെ ലോകകപ്പ് പ്രേമത്തിന് ഇടിവുണ്ടായിട്ടുണ്ടോയെന്ന സംശയം ജനിച്ചിട്ടുണ്ട്.
എന്നാല് സന്തോഷ് പണ്ഡിറ്റിന്റെ ആവേശത്തിന് തെല്ലും കുറവില്ല. ആദ്യം മുതലെ ആവേശലഹരിയുടെ മുന്നില് പണ്ഡിറ്റ് ഉണ്ടായിരുന്നു. ഇംഗ്ലണ്ടാണ് പണ്ഡിറ്റിന് പ്രിയപ്പെട്ട ടീം. ആദ്യം തന്നെ ഇംഗ്ലണ്ട് കപ്പടിക്കുമെന്ന് പ്രഖ്യാപിച്ച പണ്ഡിറ്റ് മത്സരങ്ങളുടെ ഫലം പ്രവചിച്ചും രംഗത്തുണ്ട്.
'പണ്ഡിറ്റിന്റെ പ്രവചനങ്ങള്ക്ക് മുമ്പില് എല്ലാം നിഷ്പ്രഭം, പൂച്ച പോലും' ഇങ്ങനെയാണ് സ്വന്തം പ്രവചനത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത്. സംഭവം സത്യമാണ്. പണ്ഡിറ്റിന്റെ പ്രവചനങ്ങളെല്ലാം അക്ഷരം പ്രതി ഫലിക്കുകയാണ്. ഇന്നലെ ബ്രസീല് ബെല്ജിയത്തിന് മുന്നില് തകര്ന്നടിയുമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില് കുറിച്ചിരുന്നു.
പ്രവചനം ഫലിച്ചതോടെ ബ്രസീല് ഫാന്സിനെ ട്രോളി സന്തോഷ് രംഗത്തെത്തിയിട്ടുണ്ട്. പ്രവചനം തെറ്റിയിരുന്നെങ്കില് പൊങ്കാല ഇടാനായി കാത്തിരുന്നവരോടാണ് 'പണ്ഡിറ്റിന്റെ പ്രവചനങ്ങള്ക്ക് മുമ്പില് എല്ലാം നിഷ്പ്രഭം, പൂച്ച പോലും' എന്ന് അദ്ദേഹം കുറിച്ചത്. അര്ജന്റീനയ്ക്ക് പിന്നാലെ ബ്രസീലും മടങ്ങിയതോടെ കേരളത്തിലെ ഭൂരിഭാഗം ഫ്ലക്സുകള്ക്കും മോക്ഷം കിട്ടിയെന്നും അദ്ദേഹം പറയുന്നു.
