വയനാട്: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സെെനികന്‍ വസന്തകുമാറിന്‍റെ വീട്ടിലെത്തി കുടുംബംഗങ്ങളെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയാന്‍ മടിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്‍റെ അമ്മയോട് പറഞ്ഞു.

വസന്തകുമാറിന്‍റെ സഹോദരനോട് ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി  വി വസന്തകുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച നടക്കും. പൂർണ ഔദ്യോഗികബഹുമതികളോടെയാണ് വസന്തകുമാറിന്‍റെ മൃതദേഹം സംസ്കരിക്കുക.

ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 8.55-ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിക്കും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക്‌ കൊണ്ടുപോകും.

തുടർന്ന് ലക്കിടി ഗവ. എൽ.പി.സ്കൂളിൽ പൊതുദർശനത്തിന്‌ വച്ച ശേഷം തൃക്കൈപ്പറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത്‌ സംസ്ഥാന - സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും. വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പ്രതികരിച്ചിരുന്നു.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.