വിജയസാധ്യതയില്ലെങ്കിലും 13 ശതമാനം വരുന്ന മുന്നോക്ക സമുദായ വോട്ടുകളിൽ സര്‍ക്കാര്‍ ജീവനക്കാരുടെ സംവരണ മുന്നേറ്റം മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ചലനമാകാൻ സാധ്യതയുണ്ട്. ചോരുന്നത് ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളാകുമെങ്കിലും അതിന്‍റെ ഗുണം കോണ്‍ഗ്രസിനും പൂര്‍ണമായി കിട്ടില്ല

ഭോപ്പാല്‍: പട്ടികജാതി സംവരണത്തിനെതിരെ മുന്നോക്ക സമുദായത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടി മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുന്നു. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മുന്നോക്ക സമുദായ പാര്‍ട്ടിയായ സപാക്സ് ഒരുപോലെ എതിര്‍ക്കുകയാണ്.

സര്‍ക്കാര്‍ ജോലിയ്ക്കും, സ്ഥാനക്കയറ്റത്തിനും പട്ടികജാതി സംവരണം മുന്നോക്ക-പിന്നോക്ക സമുദായ തര്‍ക്കമായി മധ്യപ്രദേശിൽ മാറിയിരുന്നു. പട്ടികജാതി സംവരണത്തിനെതിരെ മുന്നോക്ക സമുദായത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ രൂപീകരിച്ച സാമാന്യ പിച്ര അല്പസംഖ്യ കല്ല്യാണ്‍ സമാജ് എന്ന സപാക്സ് പാര്‍ടി 230 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുകയാണ്.

വിജയസാധ്യതയില്ലെങ്കിലും 13 ശതമാനം വരുന്ന മുന്നോക്ക സമുദായ വോട്ടുകളിൽ സര്‍ക്കാര്‍ ജീവനക്കാരുടെ സംവരണ മുന്നേറ്റം മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ചലനമാകാൻ സാധ്യതയുണ്ട്. ചോരുന്നത് ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളാകുമെങ്കിലും അതിന്‍റെ ഗുണം കോണ്‍ഗ്രസിനും പൂര്‍ണമായി കിട്ടില്ല. മുന്നോക്ക സമുദായത്തിന്‍റെ അമര്‍ഷം മൂലം ചോരുന്ന വോട്ടുകൾ ഒ.ബി.സി-പട്ടകജാതി സമുദായങ്ങളിൽ നിന്ന് പിടിക്കാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശ്രമിക്കുന്നത്.

മുന്നോക്ക സമുദായത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഹിന്ദുത്വ അജണ്ടയിലൂന്നിയ പ്രചരണത്തിലും ഈ ലക്ഷ്യമുണ്ട്. മുന്നോക്ക സമുദായ പാര്‍ടി ആരുടെ വോട്ടു ചോർത്തും എന്നത് നേരിയ വ്യത്യാസം കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുള്ള മണ്ഡലങ്ങളിൽ നിർണ്ണയാകമാകും.