ഏറെ കാലത്തെ ഇടവേളക്ക് ശേഷം ജനാധിപത്യ രീതിയില്‍ നിലവില്‍ വന്ന ഭരണ സമിതിയാണ് വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായി കരാര്‍ ഒപ്പ് വെച്ചത്. കരാര്‍ റദ്ദാക്കണമെങ്കില്‍ 45 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നാല് ദിവസം മുമ്പ് മാത്രം വിവരമറിയിച്ച് കരാര്‍ അവസാനിപ്പിച്ചതിനാണ് സാപ്റ്റികോ ഇരുപത് ലക്ഷത്തിലധികം റിയാല്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും സംഖ്യയില്‍ ഇളവ് നല്‍കണമെന്നും സ്കൂള്‍ അധികൃതര്‍ സാപ്റ്റികോയെ അറിയിച്ചു.

62 വാഹനങ്ങളായിരുന്നു സാപ്റ്റികോയില്‍ നിന്ന് സ്കൂള്‍ വാടകക്കെടുത്തിരുന്നത്.ഓരോ ബസ്സിനും അഞ്ച് മില്ല്യന്‍ റിയാലിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍തികളുടെ യാത്ര സംബന്ധമായി നേരത്തെ നിരവധി ആക്ഷേപങ്ങളാണ് രക്ഷിതാക്കള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സാപ്റ്റികോ സര്‍വ്വീസ് തുടങ്ങിയ ശേഷം പരാതികള്‍ വളരെ കുറവായിരുന്നു. കരാര്‍ റദ്ദാക്കിയ ശേഷം വീണ്ടും ചെറിയ കുട്ടികളടക്കം വലിയ ബുദ്ധിമുട്ടാനനുഭവിക്കുന്നെന്നും പല രക്ഷിതാക്കളും പരാതിപ്പെടുന്നു. വിദ്യാര്‍തികളുടെ യാത്ര പ്രശ്നങ്ങളും മറ്റ് പഠന സംബന്ധമായ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ രക്ഷിതാക്കളുടെ യോഗം അടുത്ത മാസം മൂന്നിന് ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.