'എഴുത്തുകാരന്‍റെ പിന്മാറ്റമാണ് എനിക്ക് വലിയ ഭീഷണിയായി തോന്നുന്നത്. ഈ ഹിന്ദുത്വ വര്‍ഗീയ ശക്തികളുടെ ഭീഷണിയേക്കാള്‍ വലിയ ഭീതി ഉണ്ടാവുന്നത് എഴുത്തുകാരന്‍ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു എന്നുള്ളിടത്താണ്'
തിരുവനന്തപുരം: സംഘപരിവാര് സംഘടനകളുടെ ഭീഷണിയെത്തുടര്ന്ന് തന്റെ നോവല് മീശ പിന്വലിച്ച എഴുത്തുകാരന് എസ്.ഹരീഷിന്റെ നിലപാട് അദ്ദേഹത്തിന്റെ ആശയത്തോട് ഐക്യപ്പെട്ട താനുള്പ്പെടെയുള്ളവരെ നിരാശപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. മഹാഭാരതമോ രാമായണമോ പറയുന്ന പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അറിയാത്ത, വായനയില്ലാത്ത ഒരുപറ്റം വര്ഗീയവാദികളുടെ ഭീഷണിക്ക് മുന്നില് ഒരു എഴുത്തുകാരന് തോല്ക്കുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും ശാരദക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പ്രതികരിച്ചു. ഹരീഷിനുവേണ്ടി പറഞ്ഞ വാക്കുകള് താന് പിന്വലിക്കുന്നില്ലെന്നും അവര് പറഞ്ഞു.
എസ്.ശാരദക്കുട്ടി പറയുന്നു
ഹരീഷിന് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളൊക്കെ നമുക്ക് മനസിലാവുന്നുണ്ട്. നോവല് അച്ചടിച്ച പ്രസിദ്ധീകരണത്തിനും അത്തരത്തില് ബുദ്ധിമുട്ടുകള് ഉണ്ടായിക്കാണും. പക്ഷേ ഇതൊരു തോറ്റുകൊടുക്കല് ആണെന്ന് പറയാതിരിക്കാന് നിവൃത്തിയില്ല. ഹരീഷിന് പിന്തുണ കൊടുക്കുമ്പോള് ഞങ്ങളൊക്കെയും ഭീഷണി നേരിട്ടതാണ്, കണ്ടമാനം അധിക്ഷേപങ്ങള് കേട്ടതാണ്, അദ്ദേഹം നേരിട്ടതിനൊപ്പം വരില്ലെങ്കിലും. ഏത് സാഹചര്യത്തിലാണ് ഇപ്പോള് നോവല് പിന്വലിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ പരാജയപ്പെടുത്താന് അവര്ക്ക് കഴിയുമെന്ന സന്ദേശമാണ് ഇത് നല്കുന്നത്. ഹിന്ദുത്വം എന്താണെന്നോ ഹിന്ദു ഫിലോസഫി എന്താണെന്നോ അറിയാത്ത, മഹാഭാരതമോ രാമായണമോ പറയുന്ന പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അറിയാത്ത, വായനയില്ലാത്ത ചിലരുടെ ഭീഷണിക്ക് മുന്നില് ഒരു എഴുത്തുകാരന് തോറ്റു എന്ന് പറയുന്നത് ഒരിക്കലും അഭിലഷണീയമല്ല. എഴുത്തുകാരന്റെ പിന്മാറ്റമാണ് എനിക്ക് വലിയ ഭീഷണിയായി തോന്നുന്നത്. ഈ ഹിന്ദുത്വ വര്ഗീയ ശക്തികളുടെ ഭീഷണിയേക്കാള് വലിയ ഭീതി ഉണ്ടാവുന്നത് എഴുത്തുകാരന് അവര്ക്ക് മുന്നില് മുട്ടുമടക്കുന്നു എന്നുള്ളിടത്താണ്. ഭവിഷ്യത്തുകള് മുന്കൂട്ടി കണ്ടുകൊണ്ടേ ഇത്തരം കാര്യങ്ങള് എഴുതാനുള്ള ധൈര്യം കാണിക്കാവൂ. എഴുതാനുള്ള ധൈര്യം കാണിച്ചാല് പിന്നെയതില് ഉറച്ചുനില്ക്കണം.
ഹരീഷ് അദ്ദേഹത്തിന്റെ നോവല് പിന്വലിച്ചുകാണും. പക്ഷേ ഹരീഷിനുവേണ്ടി പറഞ്ഞ വാക്കുകള് പിന്വലിക്കാന് ഞാന് തയ്യാറല്ല. ഇപ്പോഴും ഞാനതില് ഉറച്ചുനില്ക്കുന്നു. ഹരീഷ് ഇത് ചെയ്യാന് പാടില്ലായിരുന്നു. അവരുടെ ഭീഷണിക്ക് മുന്നില് എഴുത്തുകാര് അങ്ങനെ പിന്തിരിഞ്ഞോടാന് പാടില്ല. വാല്മീകിയോ വ്യാസനോ ഒക്കെ എഴുതിവച്ചിരിക്കുന്നത് ഇതിനേക്കാള് വലിയ കാര്യങ്ങളാണ്. എല്ലാത്തരം പിന്തിരിപ്പന് ശക്തികള്ക്കും ചോദ്യംചെയ്യാനുള്ള കാര്യങ്ങള് അവര് എഴുതിവച്ചിട്ടുണ്ട്. അവര് അതൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ടാണ് എതിര്പ്പുയര്ത്താത്തത്.
വിവാദം ഉയര്ന്നതിന് ശേഷം ഹരീഷുമായി നേരിട്ട് സംസാരിച്ചിരുന്നോ?
ഇല്ല. നേരിട്ട് സംസാരിച്ചിട്ടില്ല. അതിന്റെ കാര്യമില്ല. കാരണം ഇതൊന്നും വ്യക്തിപരമല്ല. ഒരാശയത്തോടാണ് നമ്മള് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നത്. ഒരാശയത്തോടാണ് നമ്മള് യുദ്ധം ചെയ്യുന്നത്. ഹരീഷ് ആയാലും പെരുമാള് മുരുകനായാലും ഒരു എഴുത്തുകാരന് മുന്നോട്ടുവെക്കുന്ന ആശയത്തെയാണ് നമ്മള് പിന്തുണയ്ക്കുന്നത്. അങ്ങനെ പിന്തുണച്ചിട്ട്, ഇടയ്ക്കുവച്ച് എഴുത്തുകാരന് പെട്ടെന്ന് പിന്വലിഞ്ഞ് അകത്തോട്ട് ഓടിക്കഴിഞ്ഞാല് നമുക്ക് പിന്തിരിഞ്ഞോടാന് പറ്റില്ല. നോവല് പിന്വലിച്ചത് എന്ത് സാഹചര്യം കൊണ്ടായാലും ഹരീഷ് ചെയ്തത് തെറ്റാണെന്ന് പറയാതിരിക്കാന് പറ്റില്ല. യഥാര്ഥത്തില് ഇതാണ് ഭീഷണി. ഭയന്നോടുന്ന എഴുത്തുകാരെയാണ് അവര്ക്ക് ആവശ്യം. ഇവിടെ തല്ക്കാലത്തേക്കെങ്കിലും അവര് വിജയിച്ചുവെന്ന് നമുക്ക് പറയാം.
ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചപ്പോള് ഭീഷണി നേരിട്ടെന്ന് പറഞ്ഞല്ലോ? അതിന്റെ സ്വഭാവം എന്തായിരുന്നു?
പ്രധാനമായും സൈബര് ആക്രമണമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറച്ചില്. നന്നായിട്ട് ചീത്ത വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ സ്ത്രീ എന്നുള്ള നിലയില് അത് പുതുമയൊന്നുമല്ല. ഒരു സ്ത്രീ എന്ത് അഭിപ്രായം പറഞ്ഞാലും അതിനെയൊക്കെ നേരിടുന്നത് ലൈംഗികച്ചുവയുള്ള കമന്റുകളിലൂടെയാവും. മുനപോയ കുറേ വാക്കുകള് എന്നല്ലാതെ ഞങ്ങളെ അതൊന്നും ഏശാറേയില്ല. എന്നെയൊന്നും അത് ബാധിച്ചിട്ടേയില്ല. നമ്മള് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഹരീഷിന്റെ തീരുമാനം നിരാശപ്പെടുത്തുന്നു?
തീര്ച്ഛയായും. കാരണം ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഇത്തരം ഭീഷണികളുടെ മുന്നില് പിന്മാറിക്കൊടുക്കന്നത് താല്ക്കാലികമായെങ്കിലും ഒരു വിജയമായി അവര് കൊട്ടിഘോഷിക്കും, ആഘോഷിക്കും. പക്ഷേ ശരിക്കും ഇത് അവരുടെ വിജയമല്ല. കാരണം ഹരീഷിനൊപ്പമുള്ള മുഴുവന് ആളുകളും ഇപ്പോഴും അതേ ആശയത്തില് ഉറച്ചുനില്ക്കുകയാണ്. ഹരീഷ് പറഞ്ഞത് ശരിയാണെന്ന് വിശ്വസിച്ച് നില്ക്കുകയാണ്. ഹരീഷ് മാത്രമാണ് ഇടയ്ക്കുവച്ച് പിന്നോട്ടുപോകുന്നത്. അത് ശരിയായ കാര്യമല്ല. ഭാവിയിലും എഴുത്തുകാര് ഇങ്ങനെ ചെയ്താല് മതാധികാരികളുടെ അനുമതിക്കുവേണ്ടി കാത്തുനില്ക്കേണ്ട അവസ്ഥയുണ്ടാവും, തോക്കിന് മുന്നില് നിന്ന് എഴുതേണ്ടിവരും. പിന്വലിച്ചതിന്റെ കാരണം അറിയാതെയാണ് ഞാനിത് പറയുന്നത്. പ്രസിദ്ധീകരണത്തിന്റെ ഭാഗത്തുനിന്നാണോ തടസമെന്നും അറിയില്ല. പക്ഷേ എന്തുതന്നെയായാലും വിശ്വസിച്ച് പിന്നില് നിന്നവര്ക്ക്, ആ ആശയത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവര്ക്ക് ഇത് വലിയ നിരാശയാണ്.
