കൊച്ചി: സരിത എസ് നായര്‍ കൂടുതല്‍ തെളിവുകള്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയേക്കും. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സരിതയുടെ നീക്കം യു ഡി എഫ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനും വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും ഇന്നാണ് സരിതക്ക് സോളാര്‍ കമ്മീഷന്‍ സമയം അനുവദിച്ചത്. ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും സോളാര്‍ കമ്മീഷന് കൈമാറിയതിന് പിന്നാലെ മൊഴി രേഖപ്പെടുത്താന്‍ സരിത എത്തുന്നത് തിരിച്ചടിയാകുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ ഭയക്കുന്നത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അത് താങ്ങാന്‍ കഴിയില്ലെന്നും നേരത്തെ പലതവണയായി സരിത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സരിത കമ്മീഷനില്‍ ഹാജരായി ചില തെളിവുകള്‍ കൈമാറിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സരിത ഇന്നും കമ്മീഷനില്‍ ഹാജരാകുന്നത്. ഇന്നു സരിത സോളാര്‍ കമ്മീഷനു നല്‍കുന്ന തെളിവുകള്‍ വീഡിയോ ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഓഡീയോ ക്ലിപ്പും, ചില നിര്‍ണായക ഫോട്ടോകളും ഉണ്ടാകുമെന്നാണ് സൂചന. കമ്മീഷനും ഇന്നു കൈമാറുന്ന തെളിവുകള്‍ പരസ്യമാക്കുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിന് മണിക്കബറുകള്‍ മാത്രം ശേഷിക്കെ, സരിതയുടെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് കേരളത്തിലെ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍.