ഇപ്പോള്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ രാജ്യസഭാംഗം കൂടിയായ ടി.ടി.വി ദിനകരന്‍ ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ്. ജയിലിലേയ്‌ക്കുള്ള യാത്രയിലും ശശികല വിശ്വസിയ്‌ക്കുന്നത് കുടുംബത്തെത്തന്നെയാണ്. ഉടന്‍ കീഴടങ്ങണമെന്ന സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ടി.ടി.വി ദിനകരനെ അണ്ണാ ഡിഎംകെയുടെ പ്രാഥമികാംഗത്വത്തിലേയ്‌ക്ക് തിരിച്ചെടുക്കുന്നതായും പിന്നീട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിയ്‌ക്കുന്നതായും പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പിറങ്ങി. 2011 ല്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിച്ച് ജയലളിത കൂട്ടത്തോടെ ശശികലയുടെ കുടുംബത്തെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയിരുന്നു. ശശികലയെ തിരിച്ചെടുത്തപ്പോഴും അവരുടെ ബന്ധുക്കളെയെല്ലാം ജയലളിത അകറ്റി നിര്‍ത്തി. അന്ന് സര്‍വപ്രതാപവും നഷ്‌ടപ്പെട്ട മണ്ണാര്‍ഗുഡി കുടുംബം പിന്നീട് തിരിച്ചുവരുന്നത് ജയലളിതയുടെ മരണശേഷമാണ്. 

രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ശശികലയ്‌ക്ക് തൊട്ടടുത്തുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ അണ്ണാ ഡി.എം.കെയില്‍ നിശ്ശബ്ദമായി ഒരു അധികാര പ്രഖ്യാപനം നടത്തുകയായിരുന്നു. ജയലളിതയുടെ മരണത്തിന് രണ്ട് മാസത്തിനിപ്പുറം പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയപ്പോള്‍ ശശികലയുടെ ഒപ്പം പൊതുവേദികളില്‍ വീണ്ടും കുടുംബമെത്തി. മുഖ്യമന്ത്രിയാകാനുള്ള അവകാശവാദമുന്നയിച്ച് ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നത് ടി.ടി.വി ദിനകരനാണ്. സുപ്രീംകോടതി ഉത്തരവ് തിരിച്ചടിച്ചാല്‍ ദിനകരനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്കും ജനരോഷവും ഭയന്നാണ് ആ പദ്ധതി മാറ്റി വെച്ചത്. 

എടപ്പാടി കെ പളനിസാമിയെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തെങ്കിലും ജനറല്‍ സെക്രട്ടറിയായ ശശികല ജയിലിലായതിനാല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരനാകും പാര്‍ട്ടിയുടെ പരമാധികാരം. എടപ്പാടി, ദിനകരന്‍ എന്ന രണ്ട് അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ പാര്‍ട്ടി എത്രകാലം യോജിപ്പോടെ നിലനില്‍ക്കുമെന്നത് കണ്ടുതന്നെ അറിയണം.