മക്കയില്‍ ഐഎസ് സംഘത്തിന്‍റെ ഭീകരാക്രമണ പദ്ധതി സൗദി സുരക്ഷാസേന തകര്‍ത്തു. ഐസിസിന്‍റെ ഭീകരാക്രമണ പദ്ധതികളുടെ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മക്കയിലും ജിദ്ദയിലും സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ നാല് തീവ്രവാദികള്‍ മരിച്ചു.


മക്കയില്‍ അഞ്ചംഗ ഐസിസ് സംഘത്തിന്‍റെ ഭീകരാക്രമണ പദ്ധതി സൗദി സുരക്ഷാസേന തകര്‍ത്തു. സുരക്ഷാ സേന നടത്തിയ പത്തു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഐസിസ് തീവ്രവാദികള്‍ തന്പടിച്ചതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം ഇന്ന് രാവിലെ സ്ഥലം വളയുകയായിരുന്നു. മക്കയുടെ തെക്ക് ഭാഗത്ത് തായിഫ് റോഡില്‍ വാദി നുഅമാന്‍ എന്ന സ്ഥലത്താണ് സംഘം തമ്പടിച്ചിരുന്നത്. പ്രദേശത്തുള്ള സൗദി സുരക്ഷാ സേനയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ജിദ്ദയില്‍ ഒരു വീട്ടില്‍ തമ്പടിച്ചിരുന്ന ഐഎസ് സംഘത്തില്‍ രണ്ടു പേരെ പോലീസ് പിടികൂടി. ബോംബ്‌ സ്ക്വാഡ് വീട് പരിശോധന തുടരുകയാണ്. ഏതാനും ദിവസം മുന്പ് സൗദിയിലെ ബിഷയില്‍ രണ്ട് ദിവസമായി നടന്ന ഓപ്പറേഷനിലൂടെ സൗദി സുരക്ഷാ വിഭാഗം രണ്ടു ഐസിസ് തീവ്രവാദികളെ വധിക്കുകയും ഒരാളെ പരിക്കുകളോടെ പിടി കൂടുകയും ചെയ്തിരുന്നു. നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായ ഉക്കബ് അതിബിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഐസിസ് തീവ്രവാദികള്‍ പല ഭീകരാക്രമണങ്ങള്‍ക്കും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്തില്‍ ഒരു പള്ളിയില്‍ നടന്ന സ്ഫോടനത്തിലെ പ്രതിയായിരുന്നു ഉക്കബ് അതീബി.