ഹറം പള്ളികളിലെ ജോലികളും ഇനി സ്വദേശികള്‍ക്ക് 

ജിദ്ദ:ഹറം പള്ളികളിലെ ശുചീകരണം ഉള്‍പ്പെടെയുള്ള ജോലികളും സൗദികള്‍ക്ക് നീക്കിവയ്ക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശം. വിദേശികള്‍ കുത്തകയാക്കിയ ബാര്‍ബര്‍ ജോലി ഉള്‍പ്പെടെയുള്ളവയിലും സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം.

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിലെ എല്ലാ ജോലികളും സൗദിവല്‍ക്കരിക്കണം എന്നാണ് കഴിഞ്ഞ ദിവസം സൗദി ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധമായ നിര്‍ദേശം കൌണ്‍സില്‍ ഹറംകാര്യ വിഭാഗത്തിന് നല്‍കി. ഹറം ശുചീകരണം, ഓപ്പറേഷന്‍, മെയിന്റനന്‍സ് തുടങ്ങി നിലവില്‍ വിദേശികള്‍ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജോലികളും സ്വദേശികള്‍ക്കായി നീക്കി വെക്കാനാണ് നിര്‍ദേശം. 

സൗദി വനിതകള്‍ ഉള്‍പ്പെടെ നാലായിരത്തിലധികം സ്വദേശികള്‍ക്ക് ഇത് വഴി ജോലി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കരാര്‍ കമ്പനികള്‍ക്ക് കീഴില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് ഈ മേഖലയില്‍ നിലവില്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഇതിനു പുറമേ ഹറം പള്ളികളുമായി ബന്ധപ്പെട്ട് വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ നടക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളും സൗദിവല്‍ക്കരിക്കാന്‍ ശൂറാ കൌണ്‍സില്‍ ആവശ്യപ്പെട്ടു. 

അതേസമയം നിലവില്‍ വിദേശികള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന ജോലികളെല്ലാം ചെയ്യാന്‍ താമസിയാതെ സൗദികള്‍ മുന്നോട്ടു വരുമെന്ന് ശൂറാ കൌണ്‍സില്‍ അംഗം ഡോ.സാമി സിദാന്‍ പറഞ്ഞു. ബാര്‍ബര്‍ ജോലി, ശുചീകരണം, മരപ്പണി, മെക്കാനിക്, പെയിന്റിംഗ് തുടങ്ങിയ ജോലികളെല്ലാം ചെയ്യാന്‍ സൗദികള്‍ മുന്നോട്ടു വരും. വികസിത രാജ്യങ്ങളിലെ പൗരന്മാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ സൗദികള്‍ മടിക്കേണ്ടതില്ലെന്നു അദ്ദേഹം പറഞ്ഞു.