സൗദിയില്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ ഇതുവരെ മുപ്പതിനായിരത്തോളം പേര്‍ രാജ്യം വിട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇതുവരെ മുന്നോട്ടു വന്നിട്ടുള്ളത്. പൊതുമാപ്പ് ഇനി ഒന്നര മാസം കൂടി മാത്രം.

പൊതുമാപ്പ് ആരംഭിച്ചു ഏതാണ്ട് ഒന്നര മാസം പിന്നിട്ടപ്പോള്‍ മുപ്പത്തിരണ്ടായിരം നിയമലംഘകര്‍ രാജ്യം വിട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസ തൊഴില്‍ നിയമലംഘകരായ ഒരു ലക്ഷത്തോളം വിദേശികളെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ഒന്നര മാസത്തിനുള്ളില്‍ നിയമലംഘകരായ കൂടുതല്‍ വിദേശികള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. പൊതുമാപ്പ് പ്രാബല്യത്തില്‍ വരുമ്പോള്‍ രാജ്യത്ത് ഏതാണ്ട് പത്ത് ലക്ഷത്തോളം നിയമലംഘകര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇതില്‍2,85,000 വും സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി ആരോപിക്കപ്പെട്ട് ഹുറൂബ് കേസില്‍ കുടുങ്ങിയവരാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന മലയാളികളില്‍ നല്ലൊരു ഭാഗവും ഈ ഗണത്തില്‍ പെടുന്നവരാണ്. ഏതാണ്ട് ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ മുന്നോട്ടു വന്നിരിക്കുന്നത്. 'നിയമലംഘകര്‍ ഇല്ലാത്ത രാജ്യം' എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച്‌ ഇരുപത്തിയൊമ്പതിനാണ് സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് പൊതുമാപ്പ് കാലയളവില്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം. നിയമലംഘകരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താണമെന്നും പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തടവ്, പിഴ, നാടു കടത്തല്‍, പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തല്‍ തുടങ്ങിയവയായിരിക്കും ശിക്ഷ. പത്തൊമ്പത് സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പോതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപത്തിയെട്ടു കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.