പരീക്ഷണയോട്ടങ്ങള്‍ എല്ലാം വിജയകരം വര്‍ഷത്തില്‍ ആറു കോടി പേര്‍ക്ക് പ്രയോജനപ്പെടും

ജിദ്ദ: മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം ഓടിതുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രിയും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ നബീല്‍ അല്‍ അമൂദി. വെള്ളിയാഴ്ച മദീനാ ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ മദീനയില്‍ നിന്നും മക്കയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഭരണാധികാരി സല്‍മാന്‍ രാജാവ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ആറായിരം കോടി റിയാലാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. ജിദ്ദ, കിംഗ്‌ അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി 450 കിലോമീറ്ററാണ് റെയില്‍വേയുടെ നീളം. ജിദ്ദയിലെ സുലൈമാനിയയിലാണ് പ്രധാനപ്പെട്ട സ്റ്റേഷന്‍. മുപ്പത്തിയഞ്ചു ബോഗികള്‍ ആണ് സര്‍വീസ് നടത്തുന്നത്. ഓരോ ബോഗിയിലും 417 പേര്‍ക്ക് യാത്ര ചെയ്യാം. ഇങ്ങനെ വര്‍ഷത്തില്‍ ഏതാണ്ട് ആറു കോടി പേര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടും. 

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കാണ് പ്രധാനമായും പദ്ധതി ഗുണം ചെയ്യുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗത. മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ മണിക്കൂറില്‍ രണ്ട് സര്‍വീസുകളും ജിദ്ദയ്ക്കും മക്കയ്ക്കുമിടയില്‍ മണിക്കൂറില്‍ 10 സര്‍വീസുകളും ഉണ്ടാകും. ഹറമൈന്‍ ട്രെയിനിന്‍റെ പരീക്ഷണയോട്ടങ്ങള്‍ എല്ലാം വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.