സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ ഭാഷകള്‍ പഠിക്കുന്നു

റിയാദ്: വിദേശികളുമായുള്ള ആശയവിനിമയം എളുപ്പമാകാന്‍ സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ ഭാഷകള്‍ പഠിക്കുന്നു. ഉര്‍ദു ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കാന്‍ യൂണിവേഴ്സിറ്റികള്‍ പ്രത്യേക കോഴ്സുകള്‍ നടത്തുന്നുണ്ട്.

വിമാനത്താവളങ്ങളിലും, തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ കാള്‍ സെന്ററുകളിലുമുള്ള സൗദി ജീവനക്കാര്‍ ഇതിനകം വിദേശ ഭാഷകള്‍ പഠിക്കാന്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഇംഗ്ലീഷ്, ഉറുദു, തുര്‍ക്കിഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍ പേര്‍ഷ്യന്‍ ഭാഷകള്‍ ആണ് പ്രധാനമായും പഠിക്കുന്നത്. ഹജ്ജ് ഉമ്ര തീര്‍ഥാടനങ്ങള്‍ക്ക് സൗദിയില്‍ എത്തുന്നവരുമായി ആശയ വിനിമയം നടത്താനും, ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് മനസ്സിലാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. 

അറബിയോ, ഇംഗ്ലീഷോ വേണ്ട രീതിയില്‍ സംസാരിക്കാന്‍ അറിയാത്തവരാണ് തീര്‍ഥാടകരിലും ഗാര്‍ഹിക തൊഴിലാളികളിലും നല്ലൊരു ഭാഗവും. ഹജ്ജ് സര്‍വീസ് ഏജന്‍സികളിലെ സൗദി ജീവനക്കാരും ഈ ഭാഷകള്‍ പഠിക്കുന്നുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നരോട് ഉറുദു ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ദേശമുണ്ട്.

ജിദ്ദ വിമാനത്താവളത്തിലെ പാസ്പോര്‍ട്ട്‌ വിഭാഗത്തില്‍ തൊണ്ണൂറ് ജീവനക്കാര്‍ ഒമ്പത് ഭാഷകള്‍ സംസാരിക്കുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സര്‍ക്കാര്‍ വകുപ്പുകളും ജീവനക്കാരോട് വിദേശ ഭാഷകള്‍ പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ മക്കയിലും മദീനയിലും ജിദ്ദയിലുമുള്ള കച്ചവടക്കാരും പഠിതാക്കള്‍ ആണ്.