ആഗോള തലത്തില്‍ എണ്ണക്ക് വിലയിടിവ് നേരിടുന്ന പാശ്ചാത്തലത്തില്‍ എണ്ണയിതര മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നതിനുള്ള കര്‍മ്മ പദ്ധതിയുടെ പ്രഖ്യാപനം നാളെ രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തും. 90 ശതമാനവും എണ്ണയെ ആശ്രയിച്ചു നീങ്ങിയ രാജ്യം ഇനിയും എണ്ണയെ ആശ്രിയിച്ച് മുന്നോട്ട് നീങ്ങിയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന തിരിച്ചറിവാണ് പുതിയ പ്രഖ്യാപനത്തിന്റെ കാതല്‍. സൗദിയുടെ സാമ്പത്തിക നയം പൊളിച്ചെഴുതുന്ന പുതിയ സാമ്പത്തിക പരിഷ്കരണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്.

രണ്ടര ബില്ല്യന്‍ ഡോളര്‍ വരുന്ന ലോകത്തെ ഏറ്റുവും വലിയ നിക്ഷേപക നിധി രൂപീകരിച്ചതാണ് സാമ്പത്തിക പരിഷ്‌കരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ ഊര്‍ജ്ജ, വ്യവസായ കമ്പനിയാക്കുകയും ഇതിനെ പൊതുഫണ്ടിന്റെ കീഴില്‍ കൊണ്ടു വരുകയും ചെയ്യുന്നതാണ് സുപ്രധാനമായ മറ്റൊരു മാറ്റം. 18 മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ ഗവണ്‍മെന്റിന്റെ 29ഓളം വകുപ്പുകളും പുതിയ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് വഴിമാറും. സൗദിയിലെ പ്രവാസികളെ സംബന്ധിച്ചടത്തോളം പുതിയ സാമ്പത്തിക പരിഷ്കരണം തങ്ങളെ ഏതു തരത്തിലാണ് ബാധിക്കുക എന്ന ആശങ്കയുണ്ട്. അമേരിക്കയും യുറോപ്പും ഉള്‍പ്പെടെയുള്ള സാമ്പത്തിക ലോകവും സൗദിയുടെ എണ്ണയിതര സാമ്പതിക സ്രോതസുകള്‍ വ്യക്തമാക്കുന്ന പുതിയ പ്രഖ്യാപനത്തിനു കാതോര്‍ക്കുകയാണ്.