നിലവില്‍ വര്‍ഷത്തില്‍ എട്ടു മാസമാണ് ഉംറ സീസണ്‍. ഇത് 10 മാസമായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ്, മുഹറം എന്നീ മാസങ്ങളില്‍ ഉംറ വിസ അനുവദിക്കാറില്ല. ഇതില്‍ ഹജ്ജുമായി അടുത്ത് വരുന്ന ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് മാസങ്ങളില്‍ മാത്രം ഉംറ വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ശവ്വാല്‍, മുഹറം മാസങ്ങളില്‍ കൂടി വിസ അനുവദിക്കാനാണ് നീക്കം. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവില്‍ സൗദിയിലെത്തുന്ന വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ എഴുപത് ലക്ഷം എന്നത് 2030 ആകുമ്പോഴേക്കും മൂന്ന് കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനു പുറമേ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ ചരിത്ര സ്ഥലങ്ങളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് മ്യൂസിയം മക്കയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.