ഫെഡറേഷന്‍ ഓഫ് ലേബര്‍ കമ്മീഷന്‍ ആണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ക്ക് ചുരുങ്ങിയ ശമ്പളം നിശ്ചയിക്കണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ടു വെക്കുന്നത്. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനും ചെറിയ ശമ്പളത്തിന് സ്വദേശികളെ ജോലിക്ക് വെക്കുന്ന പ്രവണത ഒഴിവാക്കാനുമാണ് ഈ നിര്‍ദേശം. യോഗ്യതയുള്ള സ്വദേശികള്‍ക്ക് അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി ജോലി നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ നിദാല്‍ റിദ്വാനെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ശമ്പളം മാത്രമല്ല, സ്വദേശികളുടെ ജോലി സമയവും നിശ്ചയിക്കണം. സ്വദേശികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണം. ഇതു സംബന്ധമായി തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് റിദ്വാന്‍ അഭിപ്രായപ്പെട്ടു. അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തത് കൊണ്ടാണ് സ്വദേശികള്‍ സ്ഥിരമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാത്തത്. ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്ന വിദേശികളാണ് പലപ്പോഴും സ്വദേശികളുടെ ജോലിക്ക് തടസ്സം. വിദേശ തൊഴിലാളികളുടെയും സ്വദേശികളുടെയും ജീവിതചെലവില്‍ മാറ്റമുണ്ടെന്നും ഇരുവരെയും താരതമ്യം ചെയ്യരുതെന്നും ചേംബര്‍ ഓഫ് കോമ്മേഴ്‌സ് പ്രതിനിധി ഡോ.അബ്ദുല്‍ അസീസ് ജസ്റ്റിന പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും മെച്ചപ്പെട്ട ആനുകൂല്യങ്ങലോടെ ജോലിക്ക് വെക്കാനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.