ജിദ്ദ: തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദിയില്‍ പുതിയ തര്‍ക്കപരിഹാര കേന്ദ്രം സജ്ജമായി. തൊഴില്‍ കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം വരുന്നത്. കഴിഞ്ഞ വര്‍ഷം അമ്പത്തിഎണ്ണായിരം തൊഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രാജ്യത്ത് തൊഴില്‍ സംബന്ധമായ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള തൊഴില്‍ കോടതികള്‍ക്ക് പുറമേ തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രം ആരംഭിക്കുന്നത്.
വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമാണ് ഈ സംരംഭം. പുതിയ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയമമന്ത്രാലയം അറിയിച്ചു. മുപ്പത്തിരണ്ട് പാനലുകളിലായി 172 ജഡ്ജിമാരാണ് നിലവില്‍ സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഈ വര്‍ഷം തൊഴില്‍ തര്‍ക്കങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
താമസ തൊഴില്‍ നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കിയതാണ് കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്ന് നിയമ മന്ത്രിയുടെ അഡ്വയ്സര്‍ അബ്ദുള്ള അല്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ദിനംപ്രതി ശരാശരി 165 ലേബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം ആകെ 58,504 തൊഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ അമ്പത്തിയഞ്ച് ശതമാനവും വിദേശ തൊഴിലാളികള്‍ നല്‍കിയ കേസുകളാണ്. 32,095 കേസുകളാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ ഫയല്‍ ചെയ്തത്. ജോലി സ്ഥലത്ത് സംഭവിച്ച അപകടങ്ങളെ കുറിച്ച പരാതികളും ഇതില്‍ പെടും. ഇതില്‍ പതിനൊന്നു ശതമാനവും കോടതിക്ക് പുറത്ത് ലേബര്‍ ഓഫീസുകള്‍ നടന്ന ചര്‍ച്ചകളിലൂടെ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മക്ക പ്രവിശ്യയിലാണ്. 12,995 എണ്ണം. റിയാദില്‍ 12,077 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 5035 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
