ജിദ്ദ: വിരലടയാളം നല്‍കാതെ തന്നെ മൊബൈല്‍ ഫോണ്‍കണക്ഷന്‍ നല്‍കാന്‍ സൗദി കിരീടവകാശിയുടെ നിര്‍ദ്ദേശം. ഓണ്‍ലൈന്‍ സൈറ്റ് ആയ അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും കണക്ഷനുകള്‍ നല്‍കും. വിരലടയാളം നല്‍കാതെ തന്നെ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കാന്‍ കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്നായിഫ് രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പിനു നിര്‍ദേശം നല്‍കി.

സൗദി ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സൗദി ദേശീയ ഇന്‍ഫര്‍മേഷന്‍ മേധാവി ഡോ. താരീഖ് അല്‍ഷിദ്ദി അറിയിച്ചു. ഓണ്‍ലൈന്‍ സൈറ്റ് ആയ അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഓഫീസുകളില്‍ ചെന്ന് വിരലടയാളം നല്‍കാതെ തന്നെ മൊബൈല്‍ കണക്ഷനുകള്‍ നിലനിര്‍ത്താനും നല്‍കാനുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

സൗദി ടെലികോം വിഭാഗവും ദേശീയ ഇന്‍ഫര്‍മേഷന്‍ വിഭാഗവുമായി ബന്ധിപ്പിച്ച് ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കുമെന്നു ഡോ. താരീഖ് അല്‍ഷിദ്ദി വ്യക്തമാക്കി.