ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സൗദി ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് സൌദീ ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യും. അകാരണമായി സ്വദേശികളെ പിരിച്ചു വിടാന്‍ ഈ നിയമം കാരണമാകുന്നു എന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച ചെയ്യുന്നത്.
മതിയായ നഷ്ടപരിഹാരം നല്‍കി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗദി ജീവനക്കാരെ പിരിച്ചു വിടാന്‍ അനുമതി നല്‍കുന്ന വകുപ്പാണ് സൗദി ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യം പരാമര്‍ശിക്കുന്ന തൊഴില്‍ നിയമത്തിലെ എഴുപത്തിയെഴാം വകുപ്പിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ച.
നിലവിലുള്ള സ്വദേശീവല്‍ക്കരണ പദ്ധതിക്ക് എതിരാണ് ഈ വകുപ്പെന്നും സൗദി ജീവനക്കാരെ മതിയായ കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ ഇത് കാരണമാകുമെന്നും പരാതി ഉയര്‍ന്നു. ശൂറാ കൌണ്‍സിലിലെ മനുഷ്യാവകാശ സമിതിക്ക് എണ്ണൂറോളം പരാതികള്‍ ലഭിച്ചു. ഈ സാഹചര്യത്തില്‍ നിയമത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനു ശൂറാ കൌണ്‍സില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി.
പൊതു ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പരാതികളും പരിഹാര നിര്‍ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. പ്രമുഖ വ്യവസായികളുമായും സ്വകാര്യ സ്ഥാപനമുടമകളുമായും കമ്മിറ്റി ചര്‍ച്ച നടത്തും. ഈ വകുപ്പ് പാടെ റദ്ദാക്കുക, നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു വകുപ്പ് പരിഷ്കരിക്കുക തുടങ്ങി വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു ശൂറാ കൌണ്‍സില്‍ വക്താവ് മുഹമ്മദ് അല്‍ മിഹന്ന പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് എഴുപത്തിയേഴാം വകുപ്പ് ഉള്‍പ്പെടെ മുപ്പത്തിഎട്ടു ഭേതഗതികള്‍ സൗദി തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്നത്. അകാരണമായി സൗദി ജീവനക്കാരനെ പിരിച്ചു വിട്ടാല്‍ തൊഴില്‍ കരാറില്‍ എത്ര മാസം ബാക്കിയുണ്ടോ അത്രയും മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കണം എന്നാണു എഴുപത്തിയെഴാം വകുപ്പിലെ ഒരു വ്യവസ്ഥ.
എന്നാല്‍ നഷ്ടപരിഹാരം രണ്ട് മാസത്തെ ശമ്പളത്തില്‍ കുറയാന്‍ പാടില്ല. വ്യക്തമായ തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍ രണ്ട് മാസത്തെ ശമ്പളവും, ജോലി ചെയ്ത ഓരോ വര്‍ഷത്തിനും പതിനഞ്ചു ദിവസത്തെ ശമ്പളം എന്ന തോതിലും നഷ്ടപരിഹാരം നല്‍കണം.
