ജിദ്ദ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 1000 റിയാല്‍പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം. സൗദിയില്‍ വാഹന മോഷണ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ടത് വ്യക്തമായി കാണുംവിധമായിരിക്കണം. നമ്പരുകള്‍ അവ്യക്തമായാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

പെയിന്റടിച്ചോ മറ്റോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പര്‍ മറഞ്ഞു പോയാല്‍ 1000 റിയാല്‍ പിഴ ചുമത്തും. കേടുപാടുകള്‍ സംഭവിച്ച നമ്പര്‍ പ്ലേറ്റുകള്‍ പെട്ടെന്ന് മാറ്റണം. നമ്പര്‍ പ്ലേറ്റിന്റെ കേടുപാടുകള്‍ പരിഹരിക്കാതിരുന്നാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഗതാഗത വകുപ്പ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

'കുല്ലുനാ അംന്'എന്ന ആപ്ലിക്കേഷന്‍വഴിയും പരാതിപ്പെടാനുള്ള സൗകര്യമുണ്ട്.പുതിയ നമ്പര്‍ പ്ലേറ്റിനു അപേക്ഷകരില്‍നിന്ന് 100 റിയാല്‍ ഫീസ്‌ഈടാക്കും.അതേസമയം, രാജ്യത്ത് വാഹന മോഷണ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ നവംബറില്‍ മാത്രം സൗദിയില്‍ 726 വാഹനങ്ങള്‍ മോഷണം പോയി. ഇതില്‍ 261 വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. ഏറ്റവും കൂടുതല്‍ വാഹന മോഷണം നടന്നത് റിയാദിലാണ്. 36 ശതമാനം. മക്ക പ്രവിശ്യ രണ്ടാം സ്ഥാനത്തും കിഴക്കന്‍ പ്രവിശ്യ മൂന്നാം സ്ഥാനത്തുമാണ്.