ജിദ്ദ: സൗദിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓൺലൈൻ വഴിയാക്കുന്നു. ഇടപാടുകളിലെ തട്ടിപ്പും കരാർ ലംഘനങ്ങളും ഇല്ലാതാക്കാനാണഅ പുതിയ നീക്കം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ട് വരുന്നത്. കെട്ടിടങ്ങളും ഫ്ലാറ്റുകളും മറ്റും വാടകയ്ക്കെടുക്കുമ്പോള്‍ ഇടപാടുകള്‍ പാര്‍പ്പിട മന്ത്രാലയം ആരംഭിക്കുന്ന ഓണ്‍ലൈന്‍ വഴിയാകണം.

രജിസ്ട്രേഷന്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ആദ്യഘട്ടത്തില്‍ എല്ലാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. മൂന്നു മാസമാണ് രജിസ്ട്രേഷനുള്ള സമയപരിധി. വാടകക്കാരനും ഭൂവുടമ അല്ലെങ്കില്‍ കെട്ടിടമുടമയും തമ്മിലുള്ള കരാര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തണം. വാടക സംബന്ധമായ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാകണം. ഈ രംഗത്തെ തട്ടിപ്പുകളും നിയമലംഘനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പാര്‍പ്പിട മന്ത്രാലയം അറിയിച്ചു.

വാടക നിയന്ത്രിക്കാനും വാടക നല്‍കാന്‍ സാധിക്കാത്ത സ്വദേശികളെ സഹായിക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് പദ്ധതിയുടെ അധ്യക്ഷന്‍ അബ്ദുറഹ്മാല്‍ അല്‍സമാരി അറിയിച്ചു. വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനായി വാടകക്കാരും, ഉടമയും, ഇടനിലക്കാരും തമ്മിലുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദമായ വിവരങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കും. കെട്ടിട വാടക സംബന്ധമായ തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. പല കേസുകളും പരിഹരിക്കപ്പെടാനാകാതെ കോടതികളില്‍ കെട്ടിക്കിടക്കുന്നു.

ഈ പ്രശ്നങ്ങള്‍ക്കെല്ലാം പുതിയ സംവിധാനം വഴി പരിഹാരം കാണാനാകും എന്നാണു പ്രതീക്ഷ. ഏതാണ്ട് അമ്പത് ശതമാനം സൗദികളും വാടകക്കെട്ടിടങ്ങളിലാണ് താമസം എന്നാണു കണക്ക്. അതേസമയം, കെട്ടിടമുടമകളും വാടകക്കാരും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെകുറിച്ച നിയമ ഭേതഗതി തയ്യാറായി. ഇതിന്റെ കരട് രൂപം അംഗീകാരത്തിനായി ശൂറാ കൌണ്‍സിലിനും മന്ത്രിസഭക്കും സമര്‍പ്പിച്ചു.