മക്ക: ഉംറ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്ന ഫീസില്‍ സൗദി ഭേതഗതി വരുത്തി. നിയമം ഈ വര്‍ഷം മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉംറ നിര്‍വഹിച്ച വിദേശികള്‍ വീണ്ടും ഉംറ നിര്‍വഹിക്കുകയാണെങ്കില്‍ രണ്ടായിരം സൗദി റിയാല്‍ ഫീസ്‌ നല്‍കണം എന്ന നിയമം രണ്ട് മാസം മുമ്പാണ് പ്രാബല്യത്തില്‍ വന്നത്.

ഈ നിയമത്തില്‍ ചെറിയ ഭേദഗതി വരുത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ഹിജ്റ വര്‍ഷം മുതല്‍ അതായത് കഴിഞ്ഞ ഒക്ടോബര്‍ മൂന്ന്‍ മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ ഫീസ്‌ ബാധകമാകുകയുള്ളൂ. ഒക്ടോബര്‍ മൂന്നിന് മുമ്പ് ഉംറ നിര്‍വഹിച്ചവര്‍ ഇപ്പോള്‍ വീണ്ടും ഉംറ നിര്‍വഹിക്കുകയാണെങ്കില്‍ ഫീസ്‌ ഈടാക്കില്ല. 2016 ഒക്ടോബര്‍ മൂന്നിന് ശേഷം നിര്‍വഹിക്കുന്ന ആവര്‍ത്തിച്ചുള്ള എല്ലാ ഉംറകള്‍ക്കും വിദേശ തീര്‍ഥാടകര്‍ രണ്ടായിരം റിയാല്‍ ഫീസടയ്‌ക്കണം.

ആദ്യത്തെ തവണ ഉംറ നിര്‍വഹിക്കുന്നവരില്‍ നിന്ന് ഫീസ്‌ ഈടാക്കില്ല. ഇതു സംബന്ധമായ അറിയിപ്പ് ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നേരത്തെ ഉംറ നിര്‍വഹിച്ച പലരും പുതിയ ഫീസ്‌ ഈടാക്കിതുടങ്ങിയതോടെ ഉംറ യാത്ര റദ്ദാക്കിയിരുന്നു. നിയമത്തില്‍ ഇളവ് അനുവദിച്ചത് ഈ തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാകും.