ടെഹ്‌റാന്‍: ഹജ്ജ് കരാര്‍ ഒപ്പിടില്ല എന്ന നിലപാടില്‍നിന്ന് ഇറാന്‍ പിന്മാറി. ഇതോടെ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താണമെന്ന ആവശ്യം സൗദി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ഇറാന്‍ ഇത്തവണത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെക്കാന്‍ തയ്യാറായിരുന്നില്ല. ഇറാനു മാത്രം പ്രത്യേക പരിഗണന നല്‍കില്ലെന്നും ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്നും തീര്‍ഥാടകരെ തടയുന്നതിന്റെ ഉത്തരവാദിത്തം ഇറാനുതന്നെയായിരിക്കുമെന്നും സൗദി വ്യക്തമാക്കിയിരുന്നു. മുസ്ലിം വേള്‍ഡ് ലീഗ് ഉള്‍പ്പെടെ പല സംഘടനകളും രാജ്യങ്ങളും ഇറാന്റെ നിലപാടിനെ അപലപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സൗദി മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയാറായതോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഹജ്ജ് കരാര്‍ ഒപ്പു വെക്കാന്‍ തയാറാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം സൗദിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇറാന്‍ പ്രതിനിധികളെ സൗദിയിലേക്ക് ക്ഷണിച്ചു. ഇന്നു ഹജ്ജ് കരാര്‍ ഒപ്പ് വെക്കുന്നതോടെ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

ഇറാനികള്‍ക്ക് ഇറാനില്‍ വെച്ച് തന്നെ വിസ അനുവദിക്കുക, തീര്‍ഥാടകരുടെ യാത്രാ സംബന്ധമായ വ്യവസ്ഥകളില്‍ മാറ്റം വരുത്തുക, ഷിയാ വിശ്വാസമനുസരിച്ച് സൗദിയില്‍ പ്രത്യേക ആരാധനാ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ അനുവദിക്കുക തുടങ്ങിയ നിബന്ധനകളാണ് നേരത്തെ ഇറാന്‍ മുന്നോട്ടു വെച്ചിരുന്നത്.

ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചതുകൊണ്ടും ആര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കാത്തതുകൊണ്ടും സൗദി ഇതു അംഗീകരിച്ചില്ല. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇറാന്‍ സൗദിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാകുകയായിരുന്നു.