സൗദിയില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തുന്നവരെ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു എയര്‍പോര്‍ട്ടില്‍ വൈകാതെ നടപ്പാക്കുമെന്നും സൗദി ജവാസാത്ത് ( പാസ്‌പോര്‍ട്ട് വിഭാഗം) അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത്. പാസ്‌പോര്‍ട്ടുകളിലും, തിരിച്ചറിയല്‍ രേഖകളിലും ഫോട്ടോകളിലുമുളള കൃത്രിമങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ സഹായിക്കും. കൂടാതെ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കും. കാറില്‍ നിന്നും ഇറങ്ങി ജവാസത്ത് കൗണ്ടറുകളില്‍ പ്രവേശിക്കാതെതന്നെ യാത്രക്കാരുടെ ജൈവ അടയാളങ്ങള്‍ ഒപ്പിയെടുക്കുന്നതിനു ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നും ജവാസത്ത് അധികൃതര്‍ പറഞ്ഞു.