ഇലക്ട്രോണിക് വ്യാപാര കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച് പരാതി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ടു പുതിയ നിയമം കൊണ്ടുവരുന്നത്.

ജിദ്ദ: സൗദിയില്‍ ഇ-കൊമേഴ്‍സ് വ്യാപാര മേഖലയിലെ പരാതികൾ പരിഹരിക്കാൻ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. സാധനങ്ങള്‍ മാറ്റിയെടുക്കാനും കൃത്യ സമയത്തുള്ള വിതരണത്തിനും പുതിയ നിയമത്തിൽ നിബന്ധനയുണ്ട് .

ഇലക്ട്രോണിക് വ്യാപാര കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച് പരാതി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ടു പുതിയ നിയമം കൊണ്ടുവരുന്നത്. ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങി ഏഴു ദിവസത്തിനകം തിരിച്ചു നല്‍കാനോ, മാറ്റിയെടുക്കാനോ ഉപഭോക്താവിന് അവസരം ലഭിക്കും എന്നതാണ് പ്രധാനപ്പെട്ട ഒരു ഭേദഗതി. ഓര്‍ഡര്‍ ചെയ്ത് 15 ദിവസത്തിനകം സാധനം ഉപഭോക്താവിന് എത്തിച്ചുനല്‍കണമെന്നതും പുതിയ നിയമത്തിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈന്‍ വ്യാപാരം ചെയ്യുന്ന സൈറ്റുകളും പരസ്യങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 1,300ലധികം പരാതികളാണ് ഓണ്‍ലൈന്‍ വ്യാപാരത്തെ കുറിച്ച് മന്ത്രാലയത്തില്‍ ലഭിച്ചത്. കൂടുതലും സാധനങ്ങള്‍ തിരിച്ചെടുക്കാത്തതിനെ കുറിച്ചായിരുന്നു. സാധനം ഡെലിവറി ചെയ്യാന്‍ മൂന്നു മാസം വരെ സമയം എടുക്കുന്നതായും പരാതി ഉണ്ടായിരുന്നു.