തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുകയും റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന പുതിയ തൊഴില്‍ നിയമാവലി ഏതാനും ദിവസം മുമ്പാണ് പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചാണ് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടതെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. നിയമാവലിയിലെ ഭേതഗതികള്‍ക്കനുസരിച്ച് തൊഴില്‍ കരാറില്‍ മാറ്റം വരുത്തണം. തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാനും റിക്രൂട്ട്‌മെന്റിനുള്ള ചെലവ് കുറക്കാനും പുതിയ നിയമം സഹായിക്കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് വക്താവ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അബല്‍ഖൈല്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് കമ്പനികളുടെ അധികാരത്തില്‍ കാതലായ മാറ്റം വരുത്തി കൊണ്ടാണ് പുതിയ നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. വീട്ടുവേലക്കാരികളെ മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് സാധിക്കും എന്നാതാണ് പുതിയ ഭേതഗതിയുടെ പ്രത്യേകത. നിയമാനുസൃതമായി മാത്രമേ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ. അനധികൃത റിക്രൂട്ട്‌മെന്റും നിയമവിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ കൈമാറുന്നതും ശിക്ഷാര്‍ഹമാണ്.വേലക്കാരികള്‍ക്കുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ട ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികള്‍ക്കായിരിക്കും. ഇതുള്‍പ്പെടെ അമ്പതോളം ഭേതഗതികള്‍ ആണ് പുതിയ നിയമത്തില്‍ ഉള്ളത്. പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാന്‍പവര്‍ സപ്ലൈ കമ്പനികളില്‍ മന്ത്രാലയം പരിശോധന നടത്തും. ഇതു സംബന്ധമായ നിയമ ലംഘനം കണ്ടെത്തിയാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മുസാനിദ് വെബ്‌സൈറ്റ് വഴിയോ 19911 എന്ന നമ്പരില്‍ വിളിച്ചോ പരാതി പറയണമെന്ന് മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.