ആയിരക്കണക്കിന് വനിതകളാണ് ജൂണ്‍ മുതല്‍ സൗദിയുടെ ചരിത്രത്തിലാദ്യമായി അനുമതിയോടെ വാഹനമോടിക്കാന്‍ തയ്യാറെടുക്കുന്നത്

റിയാദ്: വാഹനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും ഡ്രൈവിംഗ് പഠിക്കാനും നൂറുകണക്കിന് സൗദി വനിതകള്‍ തയ്യാറെടുക്കുന്നു. വിദേശ വനിതകളാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

ഡ്രൈവിംഗ്പഠിപ്പിക്കാനും വാഹനങ്ങള്‍ റിപ്പെയര്‍ ചെയ്യാനുമുള്ള പരിശീലനത്തിന് നൂറുക്കണക്കിനു സൗദി വനിതകളാണ് മുന്നോട്ടു വരുന്നതെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് വെളിപ്പെടുത്തി. അടുത്ത ജൂണില്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്ന പശ്ചത്താലത്തിലാണ് ഈ ഒരുക്കങ്ങള്‍. 

ആയിരക്കണക്കിന് വനിതകളാണ് ജൂണ്‍ മുതല്‍ സൗദിയുടെ ചരിത്രത്തിലാദ്യമായി അനുമതിയോടെ വാഹനമോടിക്കാന്‍ തയ്യാറെടുക്കുന്നത്. ജിദ്ദ, റിയാദ്, അല്‍ഖോബാര്‍, അല്‍ ഹസ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ റിപ്പെയര്‍ ചെയ്യാനുള്ള പരിശീലനം നല്‍കുന്നുണ്ട്. 

നാനൂറ്റി അമ്പത്തിയെഴ് സൗദി വനിതകളാണ് ഇപ്പോള്‍ ഇവിടെ പരിശീലനത്തിനു ഹാജരാകുന്നത്. അമേരിക്ക, കാനഡ,ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പരിശീലകര്‍. ഗതാഗത നിയമങ്ങള്‍, വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റ പണികള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.