തസ്തികകളില്‍ സൗദികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിലും സൗദിവല്‍ക്കരണം നടപ്പിലാക്കുന്നു. സൗദികള്‍ക്ക് നീക്കിവെച്ച തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിട്ടു. ഉടന്‍ സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ജിദ്ദ വിമാനത്താവളത്തിലെ ആയിരത്തി അഞ്ഞൂറോളം തസ്തികകള്‍ സൗദിവല്‍ക്കരിക്കാനാണ് നിര്‍ദേശം. 

എത്രയും പെട്ടെന്ന് തസ്തികകളില്‍ സൗദികളെ നിയമിക്കണമെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ റെയ്‌മ ആവശ്യപ്പെട്ടു. വിദേശ വിമാനക്കമ്പനികള്‍ക്കും ഗ്രൗണ്ട് സര്‍വീസ് കമ്പനികള്‍ക്കും കീഴിലുള്ള തസ്തികകളാണ് സ്വദേശീവല്‍ക്കരിക്കുന്നത്. ഇതുസംബന്ധമായ സര്‍ക്കുലര്‍ എല്ലാ കമ്പനികള്‍ക്കും ലഭിച്ചു.

സ്വദേശികള്‍ ജോലി ചെയ്യേണ്ട സ്ഥാനത്ത് വിദേശികള്‍ ജോലി ചെയ്‌താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ വിമാനത്താവളത്തില്‍ പരിശോധന നടത്തും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ആണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്.