ചത്തീസ്ഗഡിലെ ബസ്തറിലുള്ള ഭക്ഷണശാലയിലാണ് ചിക്കൻ കാലിന് 10 രൂപ കുറച്ച് നൽകുന്നത്. അഞ്ജല്‍ സിങ് എന്നയാളാണ് ഭക്ഷണശാലയുടെ ഉടമ. 

റായ്പൂർ: പാകിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കിയാൽ ചിക്കന്‍ കാലിന് വിലകുറച്ച് നല്‍കി ഒരു ഭക്ഷണശാല. ചത്തീസ്ഗഡിലെ ബസ്തറിലുള്ള ഭക്ഷണശാലയിലാണ് ചിക്കൻ കാലിന് 10 രൂപ കുറച്ച് നൽകുന്നത്. അഞ്ജല്‍ സിങ് എന്നയാളാണ് ഭക്ഷണശാലയുടെ ഉടമ.

‘പാകിസ്ഥാൻ മുര്‍ദാബാദ്’ എന്നതാണ് മുദ്രാവാക്യം. ഇത് വിളിച്ചാൽ ചിക്കന്‍ കാല്‍ 10 രൂപ വിലക്കുറച്ച് നല്‍കാമെന്ന് രേഖപ്പെടുത്തിയിട്ടുള്ള ബോർഡും ഭക്ഷണ ശാലയ്ക്ക് മുന്നില്‍ അഞ്ജല്‍ സ്ഥാപിച്ചിട്ടുണ്ട്. പാകിസ്ഥാന് മനുഷ്യത്വമില്ലെന്ന് അഞ്ജല്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 40 സൈനികർ വീരമൃത്യുവരിച്ചിരുന്നു. സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.