ചെന്നൈ: തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കവർച്ച, കൊലപാതകക്കേസുകളിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണു വാഹനാപകടം ഉണ്ടായതെന്നു രണ്ടാംപ്രതിയും തൃശൂര്‍ സ്വദേശിയുമായ കെ വി സയന്റെ മൊഴി. സയൻ ഓടിച്ചിരുന്ന കാർ കണ്ണാടി കാഴ്ചപ്പറമ്പിൽ ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറി ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ കൊല്ലപ്പെടുകയായിരുന്നു.

കോയമ്പത്തൂരിൽ ചികിൽസയിലുള്ള ഇയാളുടെ മൊഴി പാലക്കാട് സൗത്ത് പൊലീസാണു രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ വേണ്ടിയാണു വാഹനത്തിന്റെ നമ്പർ മാറ്റി പഴനി വഴി കേരളത്തിലേക്കു വന്നതെന്നും ഇതിനിടെ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും സയൻ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

അതിനിടെ, സ്വകാര്യ ആശുപത്രിയിൽനിന്ന് ഇയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. വൈകാതെ തമിഴ്നാട് പൊലീസ് സയന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു. ഇയാളുടെ മലയാളി സുഹൃത്തുക്കളും അണ്ണാ ഡിഎംകെ നേതാക്കളുമടക്കം 30 പേർക്കു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാകാൻ നീലഗിരി പൊലീസ് സമൻസ് അയച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില ഒന്നാം പ്രതി സേലം സ്വദേശി കനകരാജ് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് സയന്‍റെ കാറും അപകടത്തില്‍പ്പെടുന്നത്. സയൻ ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് എത്തി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. സയന്‍റെ ഭാര്യ വിനുപ്രിയയും മകൾ അഞ്ച് വയസുകാരി നീതുവുമാണ് അപകടത്തിൽ മരിച്ചത്.