പണിമുടക്ക് ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ എസ്ബിഐ ബ്രാഞ്ച് അക്രമിച്ച പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാതെ പൊലീസ്. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കില്‍  ഉണ്ടായത്.  

തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ എസ്ബിഐ ബ്രാഞ്ച് അക്രമിച്ച പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാതെ പൊലീസ്. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കില്‍ ഉണ്ടായത്. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് നാലുപേര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തെങ്കിലും തുടര്‍ന്ന് നടപടികള്‍ ഒന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

നേരത്തെ തന്നെ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഉദ്യേഗസ്ഥരാണ് അക്രമത്തിന് പിന്നില്‍ , എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താല്‍ പൊലീസ് തയ്യാറായിട്ടില്ല. പണിമുടക്കുമായി ബന്ധപ്പെട്ടുള്ള തിരക്കാണ് നടപടി വൈകാന്‍ കാരണമെന്നാണ് കണ്‍ടോണ്‍മെന്‍റ് പൊലീസ് അറിയിക്കുന്നത്.

സ്ഥാപനത്തിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിനായി എസ്ബിഐ ജനറല്‍ മാനേജര്‍ക്ക് പൊലീസ് കത്ത് നല്‍കി. ദൃശ്യങ്ങള്‍ ലഭിച്ച ശേഷം രൂപസാദ്യശ്യമുള്ളവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് മാനോജറും ജീവനക്കാരും ഇവരെ തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രതികളാരെക്കെയെന്ന് ഉറപ്പ് വരുത്താന്‍ കഴിയു എന്നാണ് പൊലീസ് അറിച്ചത്.

ഉദ്യോഗസ്ഥര്‍ പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ കര്‍ശ്ശനമായ അച്ചടക്കനടപടിയും ഉണ്ടായേക്കും.എന്നാല്‍ അക്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണവും പൊലീസിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

 അക്രമം നടത്തിയ സമരാനുകൂലികളായ ഉദ്യോഗസ്ഥരെ സംഘടന സംരക്ഷിക്കില്ലെന്ന് സിഐടിയു നേതാവ് ചന്ദ്രന്‍പിള്ള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു പ്രതികരണം. അതേസമയം നേരത്തെ എടുത്ത കേസിന് സമാനമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു.