16 മാസം കൊണ്ട് നാല് ഗഡുക്കളായി ഒരു കോടി രൂപ കൊടുത്ത് തീര്‍ക്കണമെന്നാണ് കോടതി വിധി. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ദില്ലി: ഭര്‍ത്താവുമായി ഒന്നിച്ച് പോകാന്‍ കഴിയില്ലെന്നും കൊടുത്ത തുക തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. 16 മാസം കൊണ്ട് നാല് ഗഡുക്കളായി ഒരു കോടി രൂപ കൊടുത്ത് തീര്‍ക്കണമെന്നാണ് കോടതി വിധി. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഭർത്താവും ബന്ധുക്കളും ചേർന്ന് വിവാഹവേളയിൽ തന്റെ വീട്ടുകാർ നൽകിയ തുക തന്ത്രപരമായി കൈക്കലാക്കുകയും ദിവസവും ഇതിന്റെ പേരും പറഞ്ഞ് തന്നോട് ക്രൂരമായി പെരുമാറുകയും ചെയ്തിരുന്നതായി യുവതി കോടതിയെ അറിയിച്ചു. കൂടാതെ ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ട് വിവാഹമോചന പത്രത്തിൽ ഒപ്പിട്ട് വാങ്ങിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.1.25 കോടി നൽകാനാണ് യുവതി ആവശ്യപ്പെട്ടത്. എന്നാൽ ഒരു കോടിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.
തർക്കങ്ങളെല്ലാം ഒത്തു തീർപ്പാക്കാൻ തയ്യാറെന്ന് ഭർത്താവ് പറഞ്ഞിരുന്നെങ്കിലും തനിക്ക് പണം മതിയെന്ന് ഭാര്യ കോടതിയിൽ പറയുകയായിരുന്നു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം പണം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഭാര്യയുടെ നിലപാട് കേട്ട ഭർത്താവ് ഇനി തങ്ങൾക്ക് ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ ആവില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ദില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലെ കോടതികളിലും കേസുകള്‍ ഇരുവരും നല്‍കിയിട്ടുണ്ടായിരുന്നു.
