ദില്ലി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും ഉണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ ഇടപെടുന്നു. ഹൈക്കോടതിയിലെയും വഞ്ചിയൂര്‍ ജില്ലാ കോടതിയിലെയും മീഡിയ റൂമുകള്‍ തുറന്നുനല്‍കുമെന്നും ഇതിനായി ജസ്റ്റിസ് കുര്യന്‍ ജോസഫുമായും കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസുമായും സംസാരിക്കുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ ഉറപ്പുനല്‍കി.

കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ വിവരിച്ചുകൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ഇടപെടല്‍. കേരളത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അറിയിച്ചു. ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുനല്‍കും. ഇതിനായി ജസ്റ്റിസ് കുര്യന്‍ ജോസഫുമായും, ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനുമായി സംസാരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്. കേരളത്തിലെ സംഭവങ്ങള്‍ ആശാവഹമല്ലെന്നും ചീഫ് ജസ്റ്റിസ് പറ‍ഞ്ഞു. കഴിഞ്ഞ ദിവസം ജസ്റ്റിസ് കുര്യന്‍ ജോസഫിനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിവേദനം നല്‍കിയിരുന്നു.