ദില്ലി: പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. മെയ് 17ന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

വികലാംഗ പെന്‍ഷന്‍ ഉള്‍പ്പടെ 17 ആനുകൂല്യങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആവശ്യസേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. 

മെയ് 17ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ആധാര്‍ കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വിജ്ഞാപനം മരവിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.