Asianet News MalayalamAsianet News Malayalam

കാർത്തി ചിദംബരത്തെ മാർച്ച് 26 വരെ അറസ്റ്റ് ചെയ്യാനാകില്ല

  • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു
sc on karthi chidambaram case

ദില്ലി: പി ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യരുതെന്ന ദില്ലി ഹൈക്കോടതി വിധി മാർച്ച് 26 വരെ നിലനിൽക്കുമെന്ന് സുപ്രീംകോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കാർത്തി ചിദംബരം ഇപ്പോൾ കസ്റ്റഡിയിലാണ്. 

കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് ദില്ലി ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നത്. സമൻസ് റദ്ദാക്കണമെന്ന കാർത്തിയുടെ ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. 

ഐഎൻ.എക്സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാൻ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. കാര്‍ത്തി ചിദംബരം ഒരു കോടി 80 ലക്ഷം രൂപ ഉന്നത രാഷ്ട്രീയ നേതാവിന് കൈമാറിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു
 

Follow Us:
Download App:
  • android
  • ios