അഭയകേന്ദ്രങ്ങളിലെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം

ദില്ലി: ബീഹാറിലെ അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണ ചുമതല സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. 17 അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് സിബിഐ അന്വേഷിക്കുക. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

അഭയകേന്ദ്രങ്ങളിലെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി വന്നിരുന്നത്. മദന്‍ ബി ലോകുര്‍, എസ് അബ്ദുള്‍ നസാര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്. 

ബീഹാറിലെ 110 അഭയകേന്ദ്രങ്ങളിലായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ സോഷ്യല്‍ ഓഡിറ്റിലാണ് ഇവിടങ്ങളില്‍ പീഡനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. മുസഫര്‍പൂര്‍ കേസ് അന്വേഷിക്കുന്നതിനൊപ്പം മറ്റ് 16 അഭയകേന്ദ്രങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. 

പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്നായിരുന്നു മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിനെതിരായ കേസ്. സംഭവത്തില്‍ ജെഡിയു പ്രാദേശികനേതാവിനെയും മറ്റ് ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണെന്ന് കോടതി രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിനെതിരെ നടപടിയെടുക്കാൻ വൈകിയ ബിഹാര്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു കുട്ടി ലൈംഗിക പീഡനനത്തിന് ഇരയാകുമ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന മട്ടിലുള്ള സമീപനം നാണം കെട്ടതും മനുഷ്യത്വമില്ലാത്തതും ആണെന്ന് കോടതി വിമര്‍ശിച്ചു. 24 മണിക്കൂറിനുള്ളിൽ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് കോടതി അന്ത്യശാസനം നൽകി.