ദില്ലി: കോടതിയലക്ഷ്യനിയമം ഭരണഘടനവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി രജിസ്ട്രി ഈക്കാര്യം ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനെ അറിയിച്ചു. കോടതിയലക്ഷ്യത്തിന് ശിക്ഷ നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ നേരത്തെ രാഷ്‌ട്രപതിയെ സമീപിച്ചിരുന്നു.

കോടതിയലക്ഷ്യത്തിനുള്ള ശിക്ഷ പിന്‍വലിക്കണം എന്ന് ആവിശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയലക്ഷ്യനിയമം തന്നെ ഭരണഘടന വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള റിട്ട് ഹര്‍ജിയുമാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ നല്‍കിയിത്. ഭരണഘടനയുടെ 32-ാം അനുഛേദം പ്രകാരമായിരുന്നു കോടതി അലക്ഷ്യനിയമം ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജി. ഈ റിട്ട് ഹര്‍ജി നിയമപരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി.ഈക്കാര്യം വ്യക്തമാക്കിയുള്ള നിരവധി സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നും സുപ്രീം കോടതി രജിസ്ട്രി ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

മെയ് 9നാണ് കര്‍ണനെ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കോടതി അലക്ഷ്യത്തിന് ആറുമാസത്തേക്ക് ശിക്ഷിച്ചത്.ഇതിനുശേഷമാണ് കര്‍ണ്ണന്‍ ഇതുമായി ബന്ധപ്പെട്ട അപേക്ഷയും റിട്ട് ഹര്‍ജിയും നല്‍കിയത്. റിട്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചതോടെ രാഷ്‌ട്രപതിയില്‍ നിന്നും അനൂകൂലതീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജസ്റ്റിസ് കര്‍ണന്‍.