Asianet News MalayalamAsianet News Malayalam

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ തല്ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി

sc remarks in interfere in pnb cheating case
Author
First Published Feb 21, 2018, 1:28 PM IST

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്  അന്വേഷണത്തിൽ തല്ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക്തട്ടിപ്പിനെതിരെ ഹർജി നല്കിയവരുടെ നീക്കം പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമർശിച്ചു. പിഎൻബിയിലെ ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ തട്ടിപ്പിൽ സിബിഐ അറസ്റ്റു ചെയ്തു.

ബാങ്ക് തട്ടിപ്പിൽ അഭിഭാഷകനായ വിനീത് ധൻദ നല്കിയ പരാതി പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. രാജ്യം കേസ് ഉറ്റുനോക്കുകയാണെന്നും കേന്ദ്രത്തിന് നോട്ടിസ് അയയ്ക്കുക എങ്കിലും ചെയ്യണമെന്നും ഹർജിക്കാർ പറഞ്ഞതാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിനെ ചൊടിപ്പിച്ചത്. പബ്ളിസിറ്റിക്കു വേണ്ടിയാണോ ഹർജി നല്കിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റുകൾ നടന്നെന്നും അറ്റോർജി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. 

അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള സാഹചര്യം വേണമെന്നും ഇതിൽ വീഴ്ചയുണ്ടെങ്കിൽ മാത്രമേ  ഇടപെടൂ എന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം പതിനാറിന് അറ്റോർണി ജനറലിൻറെ വാദം കേട്ട ശേഷം തുടർനടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പകളുടെ ചുമതലയുള്ള ജനറൽ മാനേജർ രാജേഷ് ജിൻഡലിനെ സിബിഐ അറസ്റ്റു ചെയ്തു. മുമ്പ് ബ്രെയ്ഡി റോഡ് ശാഖയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ജിൻഡൽ.  ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 

3695 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ ദില്ലിയിൽ എത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നു. 22000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലും 58000 കോടി രൂപയുടെ റഫാൽ ഇടപാടിലും പ്രധാനമന്ത്രി മറുപടി നല്കണമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios