ദില്ലി: അരുണാചലില്‍ രാഷ്‌ട്രപതി ഭരണത്തിലൂടെ അസാധുവാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. അരുണാചലില്‍ നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലെ സര്‍ക്കാര്‍ നിയമവിരുദ്ധമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാംതൂകി പ്രതികരിച്ചു. ചരിത്രപരമായ വിധിയെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു. നബാം തൂകി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അസാധാരണമായ ഒരു വിധിയായാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിന്യായത്തെ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ജസ്റ്റിസ് എ എസ് കഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അരുണാചല്‍ പ്രദേശ് വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്. പുതിയ വിധിയോടെ നിലവിലുള്ള കലിഖോ പുല്‍ സര്‍ക്കാര്‍ അസാധുവായി. കഴിഞ്ഞ ഫെബ്രുവരി 25നാണ് കലിഖോ പുല്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടി അധികാരമേറ്റത്. പുതിയ വിധി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കനത്ത തിരിച്ചടിയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.