മുസഫർപൂർ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 

ദില്ലി: മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിനെതിരെ നടപടിയെടുക്കാൻ വൈകിയ ബിഹാര്‍ സര്ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു കുട്ടി ലൈംഗിക പീഡനനത്തിന് ഇരയാകുമ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന മട്ടിലുള്ള സമീപനം നാണം കെട്ടതും മനുഷ്യത്വമില്ലാത്തതും ആണെന്ന് കോടതി വിമര്‍ശിച്ചു. 24 മണിക്കൂറിനുള്ളിൽ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് കോടതി അന്ത്യശാസനം നൽകി

പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ഒരു സ്വകാര്യ ട്രസ്റ്റ് നടത്തിയ സർവേയിലാണ് കുട്ടികൾ ലൈംഗികപീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. തുടർന്ന് സാമൂഹ്യസുരക്ഷാവകുപ്പ് നൽകിയ പരാതിയിൽ ജെഡിയു പ്രാദേശികനേതാവിനെയും മറ്റ് ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ അവസ്ഥ കുത്തഴിഞ്ഞ നിലയിലാണെന്ന് കോടതി രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.