ചെന്നൈ: ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസില്‍ സുപ്രീം കോടതി നാളെ പത്തരയ്‌ക്ക് വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, അമിതാവ റോയി എന്നിവര്‍ പ്രത്യേകം വിധികള്‍ പുറപ്പെടുവിക്കും. ഇതിനിടെ നിയമസഭ വിളിച്ച് ഭൂരിപക്ഷം ആര്‍ക്കെന്ന് പരിശോധിക്കണം എന്ന നിയമ ഉപദേശം അറ്റോര്‍ണി ജനറല്‍.ഗവര്‍ണ്ണര്‍ക്ക് നല്‍കി.
ജസ്റ്റിസുമാരായ പിനാകി ചന്ദ ഘോഷ്, അമിതവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂണില്‍ വിധി പറയാന്‍ മാറ്റി വച്ചത്. ജസ്റ്റിസ് അമിതവ റോയി ഇന്ന് സുപ്രീം കോടതി നടപടികളിലുണ്ടായിരുന്നില്ല.വിധിക്ക് അന്തിമരൂപം നല്‍കാനാണ് ഈ അസാന്നിധ്യം എന്ന അഭ്യൂഹം ശക്തമായിരുന്നു. വൈകിട്ട് ആറ് നാല്‍പതോടെ വിധി നാളത്തെ കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന അറിയിപ്പ് വരികയായിരുന്നു. രണ്ടു ജഡ്ജിമാരും പ്രത്യേകം വിധികള്‍ നല്‍കും എന്നാണ് വിവരം. സ്വത്തുസമ്പാദന കേസില്‍ ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീം കോടതി ശരിവച്ചാല്‍ ശശികലയ്‌ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അതു ശക്തി പകരും.
വിചാരണ കോടതിയുടെ തീരുമാനമാണ് സുപ്രീം കോടതിയുടേതെങ്കില്‍ ശശികലയുടെ രാഷ്‌ട്രീയ ഭാവി ഏതാണ് ഇല്ലാതാകും. രണ്ടു ജഡ്ജിമാര്‍ പ്രത്യേകം വിധി നല്കിയാലും തീരുമാനം ഒന്നാകാം. എന്നാല്‍ വിധി വ്യത്യസ്തമായാല്‍ പിന്നെ ഈ കേസ് ഒരു മൂന്നംഗ ബഞ്ചിലേക്ക് പോകേണ്ടി വരും. ശശികലയ്‌ക്ക് ഇത് താല്‌ക്കാലിക ആശ്വാസമാകാമെങ്കിലും മുഖ്യമന്ത്രിയാകാന്‍ നിയമതടസ്സങ്ങള്‍ക്ക വഴിവയ്‌ക്കാം.
കേസ് തുടരുന്നതും ഒരു ജഡ്ജിയുടെ എതിര്‍ വിധിയും ഗവര്‍ണ്ണര്‍ക്ക് അവരെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ കാരണമാക്കാം. ഇതിനിടെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഗ്തഗി ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം നല്കിയതിന്റെ വിവരം നേരത്തെ പുറത്തു വന്നിരുന്നു. നിയമസഭ ഒരാഴ്ചയ്‌ക്കുള്ളില്‍ വിളിച്ചു ചേര്‍ക്കണം എന്നാണ് നിയമ ഉപദേശം. ശശികലയെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കണം എന്ന് ഉപദേശത്തില്‍ ഇല്ല. എന്തായാലും സുപ്രീം കോടതി വിധി വന്നയുടന്‍ ഗവര്‍ണ്ണറുടെ അടുത്ത നീക്കം വ്യക്തമാകും.
