കായംകുളത്തിനടുത്ത് പത്തിയൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡംഗം രാജനെയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് രാജന്‍ അമ്പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
മുതുകുളം ബ്ലോക്ക് പഞ്ചായത്താണ് മുകേഷിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി അനുവദിച്ചത്. ആ ഭൂമി വാങ്ങിയത് ലീലാമ്മ എന്ന സ്ത്രീയില്‍ നിന്നായിരുന്നു. ഭൂമിയുടെ വിലയായ മൂന്ന് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ലീലാമ്മയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ പണം കിട്ടിയത് തന്‍റെ ഇടപെടലിനെ തുടര്‍ന്നാണെന്നും അമ്പതിനായിരം രൂപ തന്നില്ലെങ്കില്‍ പണം തിരിച്ചു വാങ്ങിക്കുമെന്നും രാജന്‍ ലീലാമ്മയെ ഭീഷണിപ്പെടുത്തി.. പണം തരാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഭീഷണിയും മാനസീക പീഡനവും കൂടിക്കൂടി വന്നതായി ലീലാമ്മ പറയുന്നു.
ഒടുവില്‍ 25000 രൂപ തരാമെന്ന് സമ്മതിച്ച ലീലാമ്മയെ രഹസ്യമായി വിജിലന്‍സിനെ വിവരമറിയിക്കുകയും പത്തിയൂര്‍ കൃഷിഭവനടുത്ത് വെച്ച് പണം കൈമാറുമ്പോള‍് പിടികൂടുകയുമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി മാനസിക പീഡനം തുടര്‍ന്നപ്പോള്‍ മറ്റ് ഗതിയില്ലാതെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു എന്ന് ലീലാമ്മ പറഞ്ഞു.
