പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ വിളിച്ചു വരുത്താന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ തീരുമാനിച്ചു. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. കേസന്വേഷണം സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്കാന്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയി. പ്രതികളെ പിടിക്കാനായില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാനം തയ്യാറാവണം. കമ്മീഷന്റെ അടുത്ത യോഗത്തില്‍ സംഭവം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജിഷയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ സന്ദര്‍ശിച്ച പിഎല്‍ പുനിയ പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഉന്നത ഉദ്യോസ്ഥരെ കമ്മീഷന്‍ യോഗത്തില്‍ വിളിച്ചു വരുത്തുമെന്നും പുനിയ അറിയിച്ചു. കോണ്‍ഗ്രസ് എംപിയായ പിഎല്‍ പുനിയയുടെ അദ്ധ്യക്ഷതയിലുള്ള കമ്മീഷന്‍ കൂടി സിബിഐ അന്വേഷണത്തിന് വാദിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിനു മേലുള്ള സമ്മര്‍ദ്ദം ശക്തമാകുകയാണ്.
