ഭോപ്പാല്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിക്ക് സ്‌കൂള്‍ ബസ്സ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് മോദിയ്ക്ക് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ കത്ത് വൈറലാകുന്നു. ഞങ്ങളുടെ സ്‌കൂളിനേക്കാള്‍ വലുതാണോ നിങ്ങളുടെ റാലി? എന്നായിരുന്നു ദേവാംശ് എന്ന വിദ്യാര്‍ത്ഥിയുടെ കത്തിന്‍റെ തലക്കെട്ട്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ആഗസ്റ്റ് 9,10 തിയതികളില്‍ നിശ്ചയിച്ച റാലിക്കായ് സ്‌കൂളുകള്‍ക്ക് അവധി കൊടുക്കുകയും സ്‌കൂള്‍ വാനുകള്‍ റാലിക്കുപയോഗിക്കാനും തീരുമാനിച്ചു. 

എന്നാല്‍ ദേവാംശിന് പഠിപ്പു മുടക്കിയുള്ള റാലി പരിപാടി അത്രയ്ക്ക് ബോധിച്ചില്ല. പിന്നെ വൈകിയില്ല ഉത്തരം മുട്ടിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരുപാട് ചോദ്യങ്ങളും നിര്‍ദ്ധേശങ്ങളുമായ് നേരേ സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രിക്ക് കത്തു വൈറലായി. 

ദേവാംശ് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം നടത്തുന്നതില്‍ വിരോധമില്ല. പക്ഷേ സ്‌കൂളിന് അവധി നല്‍കി നടത്തുന്നത് ശരിയാണോ? റാലിക്കെത്തുന്നവര്‍ മറ്റ് വാഹനങ്ങളില്‍ എത്തിച്ചേരും അതിന് സ്‌കൂള്‍ വാഹനം ഉപയോഗിക്കണമെന്നില്ല. അമേരിക്കയിലെ മോദിയുടെ പ്രസംഗങ്ങള്‍ കണ്ടിട്ടുണ്ട്, അവിടുത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി ആളുകളൊക്കെ കുട്ടികളുടെ വാഹനത്തില്‍ അല്ലല്ലോ എത്തുന്നത്. 

മധ്യപ്രദേശ് മന്ത്രി ശിവരാജ് സിങ് ചൗഹാനോടും രാഷട്രീയ ആവശ്യങ്ങള്‍ക്ക് സ്‌കൂള്‍ വാഹനം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പറയണേ എന്ന് ഓര്‍മ്മിപ്പിക്കാനും ദേവാംശ് മറന്നില്ല. നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ ഞങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിക്കണമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ഒടുവില്‍ സ്കൂളുകളുടെ ബസ് ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.