ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ ഗുരുപാദ പൂജ നടന്നത്. അധ്യാപകരുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ വച്ച് നമസ്കരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി

തൃശൂര്‍: ജില്ലയിലെ ചേര്‍പ്പ് സ്കൂളില്‍ ഗുരുപാദപൂജ നടത്തിയത് സര്‍ക്കാര്‍ ഉത്തരവ് വളച്ചൊടിച്ച്. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ വ്യപകമായതോടെ വിദ്യാഭ്യാസ വകുപ്പ് നിഷേധക്കുറിപ്പ് ഇറക്കി. സ്കൂളിലെ പ്രധാനാധ്യാപകനോട് വിശദീകരണം തേടിയതായി ഡിപിഐ അറിയിച്ചു. ഇക്കഴിഞ്ഞ‌ 27നാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ ഗുരുപാദ പൂജ നടന്നത്.

അധ്യാപകരുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ വച്ച് നമസ്കരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗുരുപൂജ നടത്തിയതെന്ന വിശദീകരണവുമായി സ്കൂള്‍ അധികൃതര്‍ ഇന്ന് രംഗത്ത് വന്നത്. വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മാസം 26 ന് പുറത്തിറക്കിയ ഉത്തരവിനെയാണ് സ്കൂള്‍ അധികൃതര്‍ മറയാക്കിയത്.

അതേ സമയം, ഗുരുവന്ദനമെന്ന പേരില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പരിപാടി സംഘടിപ്പിക്കാനാണ് അനുമതി നല്‍കിയതെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്. വൃദ്ധരായ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങിനുളള അനുമതിയാണ് കഴിഞ്ഞ മാസം 26 ന് പുറത്തിറങ്ങിയ ഉത്തരവ്.അല്ലാതെ പാദപൂജ നടത്താനല്ലെന്നും ചേര്‍പ്പ് സ്കൂളില്‍ നടന്ന ചടങ്ങിന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുമായി ബന്ധമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.

അനന്തപുരി ഫൗണ്ടേഷനും, പത്തനാപുരം ഗാന്ധി ഭവനും മറ്റ് സന്നദ്ധ സംഘടനകളുമാണ് ഗുരുവന്ദനമെന്ന പരിപാടിക്കായി വിദ്യാഭ്യാസവകുപ്പിന്‍റെ അനുമതി തേടിയത്. അതേ സമയം നിര്‍ബന്ധിത പാദപൂജയാണ് നടത്തിയതെന്നാരോപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ് യു തുടങ്ങിയ സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.