ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ. 1,000 സുരക്ഷാ സൈനികരാണ് തെരച്ചിൽ നടത്തുന്നത്. ബാലക്കോട്ട് മേഖലയിൽ പാകിസ്ഥാൻ സൈന്യം ജനവാസ കേന്ദ്രത്തിനുനേരെ വെടിവച്ചു. പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‍ലി ശ്രീനഗറിൽ കരസേന മാധാവി ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും.

200 ഓളം ഭീകര്‍ ജമ്മുകശ്മീരിൽ സജീവമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഷോപ്പിയാനിൽ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചിൽ. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. 

ഷോപ്പിയാനിലെ വീടുകള്‍ കേന്ദ്രീകരിച്ചും സൈന്യം തിരച്ചില്‍ വ്യാപകമാക്കി. അതിനിടെ ഇന്നലെ അര്‍ദ്ധരാത്രി ജമ്മു കശ്മീരിലെ ബലാകോട്ട് മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രവും ലക്ഷ്യമാക്കിയായിരുന്നു മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. 

രണ്ടാഴ്ച്ചയ്ക്കിടെ എട്ടാം തവണയാണ് പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിൽ നിന്ന് 17,00 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.