ദില്ലി: എം.ബി.ബി.എസ് പ്രവേശനം കിട്ടണമെങ്കിൽ ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടി ഉൾപ്പടെ 11 ലക്ഷം രൂപ ഫീസ് തന്നെ വിദ്യാര്‍ത്ഥികൾ കൊടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പണം നൽകി പ്രവേശനം നേടാൻ ഭൂരിഭാഗം കുട്ടികളും തയ്യാറായിരിക്കെ 11 ലക്ഷം രൂപ ഫീസിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് ഗ്യാരണ്ടിയുടെ ബാധ്യത കുട്ടികൾ തന്നെ സഹിക്കണമെന്നും കോടതി പറഞ്ഞു.
സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത കെ.എം.സി.ടി ഉൾപ്പടെയുള്ള രണ്ട് സ്വാശ്രയ മാനേജുമെന്‍റുകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. എം.ബി.ബി.എസ് പ്രവേശനം നേടണമെങ്കിൽ വിദ്യാര്‍ത്ഥികൾ ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടി ഉൾപ്പടെ 11 ലക്ഷം രൂപ ഫീസായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നുവെങ്കിലും ആറ് ലക്ഷം രൂപ ബോണ്ടായി നൽകിയാൽ മതിയായിരുന്നു. അത് തിരുത്തി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയാക്കി.
പ്രവേശന നടപടികൾ ഈമാസം 31ന് അവസാനിക്കുന്നതുകൊണ്ട് ബാങ്ക് ഗ്യാരണ്ടി നൽകാൻ കുട്ടികൾക്ക് 15 ദിവസത്തെ സാവകാശം നൽകി. 5 ലക്ഷം രൂപ ഫീസ് വാങ്ങി പ്രവേശനം പൂര്‍ത്തിയാക്കിയ സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ കോളേജുകൾക്കും പുതിയ ഉത്തരവ് പ്രകാരം ബാങ്ക് ഗ്യാരണ്ടി ഉൾപ്പടെ 11 ലക്ഷം രൂപ ഫീസ് ഈടാക്കാം. ഇതോടെ സ്വാശ്രയ കോളേജുകളിൽ ഇപ്പോൾ പ്രവേശനം നേടിക്കഴിഞ്ഞ കുട്ടികൾക്കും ആറുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകേണ്ടിവരും. 3085 എം.ബി.ബി.എസ് സീറ്റി്ൽ 2999 സീറ്റിലെ അലോട്ട്മെന്‍റ് പൂര്‍ത്തിയായെന്നും ഇനി ഫീസ് കൂട്ടരുതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ഫീസ് കൂട്ടാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയും തള്ളി. കഴിഞ്ഞ വര്‍ഷം ഈടാക്കിയ 10 ലക്ഷം രൂപ എന്തടിസ്ഥാനത്തിൽ ഒറ്റയടിക്ക് 5 ലക്ഷമാക്കി കുറച്ചുവെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. കൂടിയ ഫീസ് നൽകി പ്രവേശനം നേടാൻ ഭൂരിഭാഗം കുട്ടികളും തയ്യാറാണെന്നും കുറച്ചുപോര്‍ക്ക് മാത്രമാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി നൽകാൻ കുട്ടികൾക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് സര്‍ക്കാരിന് നൽകാവുന്നതാണെന്ന് കോടതി പറഞ്ഞു. സ്വാശ്രയ പ്രവേശനത്തിന് ഗ്യാരണ്ടി നൽകാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ എങ്കിൽ കുട്ടികൾ തന്നെ ബാധ്യത സഹിക്കട്ടേ എന്ന് ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേ, നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
