ഫൈനലുറപ്പിക്കാന്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരും. മോസ്കോയിൽ ഇന്ത്യന്‍ സമയം രാത്രി 11.30ന് ആണ് മത്സരം. 1966ന് ശേഷം ആദ്യ ഫൈനലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതേസമയം ആദ്യ കിരീടത്തോട് ഒരുപടി അടുക്കാനാണ് ക്രൊയേഷ്യ മൈതാനത്തിറങ്ങുന്നത്. 

ലോകകപ്പിൽ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഹാരി കെയ്‌നിന്‍റെ ഗോളടി മികവും രാജ്യാന്തര മത്സരങ്ങളിലെ മികച്ച ചരിത്രമാണ് ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസം. സെറ്റ് പീസുകളിലൂടെ ഗോള്‍ നേടുക എന്ന ശീലം ഇംഗ്ലണ്ടിന് ഈ മത്സരത്തിലും ചിലവാകുമോ എന്ന് കണ്ടറിയണം. എന്നാല്‍ ഈ ലോകകപ്പിലെ മിന്നല്‍ കുതിപ്പില്‍ ഇംഗ്ലണ്ട് വഴിമാറും എന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യ.